ഇന്ദ്രൻസും മീനാക്ഷിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പ്രൈവറ്റ് ഒടിടിയിലേക്ക്. സെൻസർ ബോർഡിൻറെ കടുംപിടിത്തം കാരണം തിയേറ്റർ റിലീസ് വൈകിയ ചിത്രം 9 മാറ്റങ്ങൾ വരുത്തിയതിന് ശേഷമായിരുന്നു തിയേറ്ററിൽ റിലീസിന് എത്തിയത്. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. നവംബർ 21ന് മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
പ്രൈവറ്റിൽ പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയേറ്ററിൽ എത്തിയത്. ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച ‘RNS’ മാസ്ക് ചെയ്യാനും സെൻസർ ബോർഡ് നിർദ്ദേശം ലഭിച്ചിരുന്നു.
ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എന്‍ഡ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനും സെൻസർ ബോർഡിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. അതേസമയം, U/A സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്.




