‘വെള്ളിനക്ഷത്രം’, ‘സത്യം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസുകീഴടക്കിയ കൊച്ചുമിടുക്കിയാണ് അന്തരിച്ച ബാലതാരം തരുണി സചിദേവ്. ഇപ്പോഴിതാ തരുണി സച്ച്ദേവിന്റെ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സംവിധയകൻ മനസുതുറന്നത്. ‘നാലു വയസ്സുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം’ എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്. ആ വർഷം തന്നെ ‘സത്യ’ത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ..ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 14 വയസ്സുള്ളപ്പോൾ 2012ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്റ്റർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു’. വിനയൻ കുറിച്ചു.
പരസ്യചിത്രങ്ങളില്‍ അഭിനയിച്ചായിരുന്നു തരുണി അഭിനയത്തിലേക്ക് കടന്നുവന്നത്. തുടർന്ന് നാലാം വയസിലാണ് ‘വെള്ളിനക്ഷത്ര’ത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ‘കുക്കുറു കുക്കുകുറുക്കൻ’ ഇന്നും കുട്ടികളുടെ ഇടയിൽ തരംഗമാണ്. അത്രയേറെ ജനപ്രീതി ഒറ്റ സിനിമയിലൂടെ തരുണി എന്ന കുഞ്ഞ് നേടിയിരുന്നു. വ്യവസായിയായ ഹരീഷ് സച്ച് ദേവിന്റെയും ഗീതയുടെയും മകളായി 1998മെയ് 14ന് മുംബൈയിലാണ് തരുണി ജനിച്ചത്. വെള്ളിനക്ഷത്രത്തിന് ശേഷം നിരവധി സിനിമകളിൽ തരുണി അഭിനയിച്ചു.
കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തിൽ അഭിനയിച്ചതോടെ രസ്ന ഗേൾ എന്നറിയപ്പെട്ട തരുണിയെ ‘പാ’ എന്ന അമിതാഭ് ബച്ചൻ ചിത്രത്തിലേക്ക് സംവിധായകൻ ആർ.ബാൽക്കി ക്ഷണിച്ചു. അതിവേഗത്തിൽ വാർധക്യം ബാധിക്കുന്ന പ്രൊജേറിയ എന്ന രോഗം ബാധിച്ച കുട്ടിയായാണ് അമിതാഭ് ആ ചിത്രത്തിൽ അഭിനയിച്ചത്. അതിൽ അമിതാഭിന്റെ സുഹൃത്തായാണ് തരുണി അഭിനയിച്ചത്. 2014 ല്‍ പുറത്തിറങ്ങിയ തമിഴ് ത്രില്ലര്‍ ‘വെട്രി സെല്‍വനി’ലാണ് തരുണി അവസാനമായി അഭിനയിക്കുന്നത്. സിനിമയിലെ തന്റെ മിക്കവാറും പ്രധാനപ്പെട്ട സീനുകളെല്ലാം തരുണി അഭിനയിച്ച് പൂര്‍ത്തിയാക്കിയിരുന്നു. തരുണിയുടെ മരണശേഷമാണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.
2012 മേയ് 14ന് തന്റെ പതിനാലാം ജന്മദിനത്തില്‍ നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസോം വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് അഗ്നി എയര്‍ ഡോര്‍ണിയര്‍ 228 എന്ന വിമാനത്തില്‍ അമ്മ ഗീതയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന തരുണി വിമാനം തകര്‍ന്ന് മരണപ്പെട്ടു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മേയ് 16ന് മുംബൈയിലെ വസതിയില്‍ എത്തിച്ച് അവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ഇരുപതോളം യാത്രക്കാര്‍ക്കും ഇതേ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. സൗന്ദര്യവും അഭിനയശേഷിയും ഒത്തിണങ്ങിയ തരുണി ഭാവിയില്‍ ശ്രീദേവിയെ പോലെ രാജ്യം ആഘോഷിക്കുന്ന ഒരു വലിയ താരമായി തീരുമെന്നായിരുന്നു മുന്‍പ് പല മാധ്യമങ്ങളും അഭിപ്രായപ്പെട്ടത്.




