അഞ്ജലി മേനോന്റെ സംവിധാനത്തിൽ സൂപ്പർഹിറ്റായി മാറിയ ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം തമിഴിൽ റീമേക്ക് ചെയ്ത് തങ്ങൾ നശിപ്പിച്ചു എന്ന് നടൻ റാണ ദഗുബട്ടി. ദുൽഖർ സൽമാൻ, നിവിൻ പോളി, ഫഹദ് ഫാസിൽ, നസ്രിയ നസീം, പാർവതി തിരുവോത്ത്, ഇഷ തൽവാർ തുടങ്ങിയവർ വേഷമിട്ട ബാംഗ്ലൂർ ഡെയ്സിന്റെ തമിഴ് പതിപ്പിൽ ആര്യ, ബോബി സിംഹ, റാണ ദഗുബട്ടി, പാർവതി തിരുവോത്ത്, ലക്ഷ്മി റായ് എന്നിവരായിരുന്നു അഭിനയിച്ചത്.“ഞാനും ദുൽഖറും സ്കൂൾമേറ്റ്സ് ആണ്, ദുൽഖർ അഭിനയിച്ചതിൽ എനിക്ക് ആദ്യം വളരെ ഇഷ്ട്ടം തോന്നിയത് ബാംഗ്ലൂർ ഡേയ്സിലെ കഥാപാത്രത്തോടാണ്. ഞങ്ങൾ ആ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്തു നശിപ്പിച്ച് കളഞ്ഞു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ നടൻ ആര്യ എന്നോട് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു, ‘മച്ചാ നോക്ക് ദുൽഖറിനെയും നിവിനേയും, ചെറുപ്പക്കാർ പിള്ളേരാണ്, നമ്മളെ കണ്ടാൽ റിട്ടയർ ജീവിതം നയിക്കുന്ന മധ്യവയസ്ക്കരെ പോലെയുണ്ട്” റാണ ദഗുബട്ടി പറഞ്ഞു.ഭാസ്കർ സംവിധാനം ചെയ്ത ‘ബാംഗ്ലൂർ നാട്ട്ക്കൾ’ എന്ന തമിഴ് പതിപ്പിൽ റാണ ദഗുബട്ടി ഫഹദ് ഫാസിലിന്റെ വേഷവും, ആര്യ ദുൽഖറിന്റെ വേഷവും, ബോബി സിംഹ നിവിൻ പോളിയുടെ വേഷവുമാണ് അവതരിപ്പിച്ചത്. ചിത്രം ബോക്സോഫീസിൽ വമ്പൻ പരാജയമായി മാറിയിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ വിധിയും മറ്റൊന്നായിരുന്നില്ല.
ദുൽഖർ സൽമാനും, റാണ ദഗുബട്ടിയും ഒരുമിച്ച് അഭിനയിക്കുന്ന തമിഴ് ചിത്രം കാന്തയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും സുധിർ ശ്രീനിവാസന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റാണ ദഗുബട്ടി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടത്തിലെ ഒരു തമിഴ് സൂപ്പർതാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ റാണ ദഗുബട്ടി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുക.




