CelebrityNews

‘ഞാൻ മലയാള സിനിമയെ ഭരിക്കുന്നില്ല, അതിൻ്റെ ഒരു ഭാ​ഗം മാത്രമാണ്’; മാധ്യമ പ്രവ‍ർത്തകയെ തിരുത്തി മോഹൻലാൽ

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ അവാ‍ർഡ് തിളക്കത്തിലാണ് നടൻ മോഹൻലാൽ. രാഷ്ട്രപതിയിൽ നിന്നും ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങിയതിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് ഉയരുന്നത്. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹന്‍ലാല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പുരസ്കാര നേട്ടത്തെ കുറിച്ചുള്ള ചോദ്യത്തോട് അഭിനേതാവെന്ന നിലയിൽ അവാർഡ് അഭിമാനമായി കാണുന്നുവെന്നും തനിക്ക് മാത്രമല്ല മലയാള സിനിമ മേഖലയ്ക്കും ഇത് അഭിമാന നിമിഷമാണെന്നും മോഹൻലാൽ പ്രതികരിച്ചു. വളരെ കാലമായി മലയാള സിനിമ മേഖല അടക്കി ഭരിക്കുന്ന ഒരാളല്ലേ താങ്കൾ, അതേക്കുറിച്ച് സംസാരിക്കാമോ എന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ അടുത്ത ചോദ്യം. മലയാള സിനിമയെ ഭരിക്കുകയല്ല, അതിൻ്റെ ഭാ​ഗം മാത്രമാണ് താനെന്ന് പറഞ്ഞ് വിനയത്തോടെ മാധ്യമ പ്രവർത്തകയെ മോഹൻലാൽ തിരുത്തുകയായിരുന്നു.

എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് രാഷ്ട്രപതിയില്‍ നിന്ന് മോഹന്‍ ലാല്‍ പുരസ്കാരം ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്‍റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, മോഹൻലാൽ പറഞ്ഞു. മോഹന്‍ലാലിനെ അഭിനന്ദിച്ച് രാഷ്ട്രപതി സംസാരിച്ചു. അദ്ദേഹത്തിന്‍റെ നാടകമായ കർണഭാരത്തെകുറിച്ച് രാഷ്ട്രപതി പരാമര്‍ശിച്ചു. മോഹൻലാലിന് പുരസ്കാരം ലഭിച്ചതിൽ ജനങ്ങൾ വലിയ സന്തോഷത്തിലാണെന്നും വിവിധ ഭാവങ്ങൾ തന്മയത്വത്തോടുകൂടി അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button