മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഒക്ടോബറിൽ ആരംഭിക്കുമെന്ന് മലയാളത്തിലെ നിർമാതാക്കളായ ആശിർവാദ് പ്രൊഡക്ഷൻസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഹിന്ദി ദൃശ്യത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്. ഹിന്ദി ദൃശ്യത്തിന്റെ ചിത്രീകരണം മലയാളത്തിനൊപ്പം ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് മാസത്തോളമാണ് ഹിന്ദി വേർഷന്റെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ചിത്രം 2026 ഒക്ടോബറിൽ പുറത്തിറക്കാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. ഹിന്ദി പതിപ്പ് പുറത്തിറങ്ങാനിരിക്കുന്ന മലയാളം പതിപ്പിന്റെ റീമേക്ക് ആണോ അതോ ഒറിജിനൽ സ്ക്രിപ്റ്റ് ആണോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. അതേസമയം, മലയാളം ദൃശ്യം മൂന്നാം ഭാഗം ജനുവരിയിലോ മാർച്ചിലോ പുറത്തിറക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. ‘കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’, എന്ന ക്യാപ്ഷനോടെയാണ് മലയാളം പതിപ്പിന്റെ അപ്ഡേറ്റ് പുറത്തുവന്നത്. വീഡിയോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’. ജോർജ്കുട്ടിയും കുടുംബവും അവരുടെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോൾ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. അതേസമയം, അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നാണ് സൂചന. 2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്.
ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.