തമിഴ് ചലച്ചിത്ര നിര്‍മാണ രംഗത്ത് സജീവമാകാനൊരുങ്ങി ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ്. തമിഴിലെ മുന്‍നിര നടന്മാരില്‍ ഒരാളായ എസ് ജെ സൂര്യയുടെ ഏറ്റവും പുതിയ ചിത്രം നിര്‍മിക്കുന്നത് ശ്രീഗോകുലം മൂവീസ് ആണെന്നാണ് റിപ്പോര്‍ട്ട്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പേര് കില്ലര്‍ എന്നാണ്. എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ ഏയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ശ്രീഗോകുലം മൂവീസ് ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളി ആകുന്നത്.
വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‍ത എസ് ജെ സൂര്യ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടില്‍ ഇന്ത്യൻ സിനിമയിലെ പ്രതിഭകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും. മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബ ബ ഭ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്.