ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധ്രുവനച്ചത്തിരം’. വളരെ പ്രതീക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ൽ ഷൂട്ടിംഗ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് മനസുതുറക്കുകയാണ് ഗൗതം മേനോൻ.
‘ധ്രുവനച്ചത്തിരത്തിൻ്റെ പ്രശ്നങ്ങൾ എല്ലാം ഒരുവിധം സോൾവ് ആയിട്ടുണ്ട്. ഉടനെ റിലീസിനെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവരും’, എന്നാണ് ഗൗതം മേനോൻ പറഞ്ഞത്. തന്റെ വരാനിരിക്കുന്ന അടുത്ത സിനിമകളെക്കുറിച്ചും ഗൗതം മേനോൻ മനസുതുറന്നു. ‘ഒരു ലവ് സ്റ്റോറിയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആ സിനിമ ഉടനെ ആരംഭിക്കും. ധ്രുവനച്ചത്തിരത്തിൻ്റെ പ്രശ്നങ്ങൾ എല്ലാം ഒരുവിധം സോൾവ് ആയിട്ടുണ്ട്. ഉടനെ റിലീസിനെപ്പറ്റിയുള്ള അപ്ഡേറ്റ് പുറത്തുവരും. കന്നഡയിലെ ഒരു സ്റ്റാറിനോട് ഒരു കഥ ഞാൻ പറഞ്ഞിട്ടുണ്ട്. അത് ഉടൻ ആരംഭിക്കണമെന്നാണ് കരുതുന്നത്. എല്ലാ ഭാഷയിലും സിനിമ ചെയ്യണമെന്നാണ് എനിക്ക് ആഗ്രഹം. മലയാളത്തിൽ ഇനിയും ഒരുപാട് സിനിമകൾ ചെയ്യണം’.
2016ലാണ് ധ്രുവനച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ പല കാരണങ്ങളാൽ സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രത്തിൽ ജോൺ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്. ചിയാനൊപ്പം മലയാളത്തിന്റെ സ്വന്തം വിനായകനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വർമ്മ, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്ണൻ, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പൻ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തിൽ വേഷമിടുന്നത്.
മമ്മൂട്ടിയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണം നേടിയ സിനിമയ്ക്ക് തിയേറ്ററിൽ വിജയിക്കാനായില്ല. എന്നാൽ ചിത്രത്തിന് ഒടിടിയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ കോമഡി-ത്രില്ലർ ജോണറിലായിരുന്നു കഥ പറഞ്ഞത്. ചിത്രം രചിച്ചിരിക്കുന്നത് ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷും മികച്ച പ്രകടനം കൊണ്ട് കയ്യടി നേടുന്ന ചിത്രത്തില്‍, ഇവര്‍ക്കൊപ്പം സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സിദ്ദിഖ്, ലെന, ഷൈന്‍ ടോം ചാക്കോ, വാഫ ഖതീജ, സുദേവ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.




