മേഘാലയയില്‍ ഹണിമൂണിനിടെ ഇന്ദോര്‍ സ്വദേശി രാജാ രഘുവംശി കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു. കുടുംബാംഗങ്ങൾ സിനിമ നിർമിക്കാൻ സമ്മതം നൽകിയിട്ടുണ്ട്. എസ്. പി നിംബാവത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി ‘ഹണിമൂൺ ഇൻ ഷില്ലോങ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
‘കൊലപാതകക്കേസ് സംബന്ധിച്ച വരാനിരിക്കുന്ന സിനിമക്ക് ഞങ്ങൾ സമ്മതം നൽകി. എന്റെ സഹോദരന്റെ കൊലപാതകത്തിന്റെ കഥ വലിയ സ്‌ക്രീനിൽ കൊണ്ടുവന്നില്ലെങ്കിൽ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ആളുകൾക്ക് അറിയാൻ കഴിയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’ രഘുവംശിയുടെ മൂത്ത സഹോദരൻ സച്ചിൻ പറഞ്ഞു. യഥാർത്ഥ കഥ ചിത്രത്തിലൂടെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മറ്റൊരു സഹോദരൻ വിപിൻ പറഞ്ഞു.
ഇത്തരം വഞ്ചന സംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പൊതുജനങ്ങൾക്ക് ഒരു സന്ദേശം നൽകാൻ ഞങ്ങളുടെ സിനിമയിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് സംവിധായകൻ എസ്. പി നിംബാവത് പറഞ്ഞു. അഭിനേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചിത്രത്തിന്റെ തിരക്കഥ തയ്യാറാണെന്ന് നിംബാവത് പറഞ്ഞു. ചിത്രീകരണത്തിന്റെ 80 ശതമാനം ഇൻഡോറിലും ബാക്കി 20 ശതമാനം മേഘാലയയുടെ വിവിധ പ്രദേശങ്ങളിലുമായിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.