അരുൺ വിജയ് നായകനാകുന്ന ആക്ഷൻ ചിത്രം റെട്ട തലയുടെ ടീസർ റിലീസ് ചെയ്തു. ക്രിസ് തിരുകുമരൻ സംവിധാനം ചെയ്ത ചിത്രം ഉപേന്ദ്ര എന്ന ഗാംഗ്സ്റ്ററുടെ കഥയാണ് പറയുന്നത്. ചിത്രത്തിൽ ഗ്രേ ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അരുൺ വിജയ് അവതരിപ്പിക്കുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. മലയാളികൾക്കിടയിൽ ടീസർ ചർച്ച ചെയ്യപ്പെടാൻ ഒരു കാരണമുണ്ട്. ടീസറിലെ ഒരു പഞ്ച് ഡയലോഗ് ഇങ്ങനെയാണ്, “ഗോവ പഴയ ഗോവയല്ല, അറിയാലോ? ഗോവ പഴയ ഗോവയില്ലായിരിക്കും, എന്നാൽ ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെയാണ്”. ഈ ഡയലോഗ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ബിഗ്ബി എന്ന ജനപ്രിയ ചിത്രത്തിലെ “കൊച്ചി പഴയ കൊച്ചിയല്ലായിരിക്കും, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ” എന്ന ഡയലോഗിന്റെ റെഫറൻസോ കോപ്പിയോ ആവാമെന്നാണ് ആരാധകർ ടീസറിന് കീഴിൽ കമന്റ് ചെയ്യുന്നത്.
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ അരുൺ വിജയ് രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്നുണ്ട്. അരുൺ വിജയ്ക്കൊപ്പം, സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ, യോഗി സാമി, ജോൺ വിജയ്, ഹരീഷ് പേരടി, ബാലാജി മുരുഗദോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാം സി എസ് സംഗീത സംവിധാനം നിർവഹിക്കുന്ന, റെട്ട തല നിർമ്മിക്കുന്നത് ബി ടി ജി യൂണിവേഴ്സിന്റെ ബാനറിൽ ബോബി ബാലചന്ദ്രനാണ്. ടിജോ ടോമി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ആന്റണിയാണ്. ചിത്രംത്തിന്റെ റിലീസ് ഡേറ്റ് ഇതുവരെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.