മനോജ് ബാജ്പായ് പ്രധാന റോളിലെത്തുന്ന ഇന്ത്യൻ വെബ് സീരീസ് ഫാമിലി മാൻ മൂന്നാം സീസണിന്റെ അനൗൺസ്‌മെന്റ് വീഡിയോ പുറത്ത്. ജയ്ദീപ് അഹൽവാത്, നിമ്രത്ത് കൗർ എന്നിവർ പുതിയ സീസണിൽ ആന്റ്‌ഗോണിസ്റ്റുകളായെത്തും. മനോജ് വാജ്പായ് അവതരിപ്പിക്കുന്ന ശ്രീകാന്ത് തിവാരിയുടെ ഫൈറ്റ് സീനുകളും ചെയ്‌സ് സീനുകളും 58 സെക്കൻഡ് ടീസർ വീഡിയോയിൽ കാണാം. ടീസറിന്റെ അവസാന അഹൽവാത് മുഖം മൂടിയണിഞ്ഞ് ബൈക്ക് ഓടിക്കുന്നത് കാണാം. നിമ്രത് കൗർ നിഗൂഢമായി ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്നതും ടീസറിന്റെ അവസാനം കാണാം.
പ്രിയാമണി, ഷാരിഭ് ഹാഷ്മി, അഷ്‌ലേഷ താക്കൂർ, വേദാന്ത് സിൻഹ എന്നിവരെല്ലാം തന്നെ പ്രധാന കഥാപാത്രങ്ങളായി തിരിച്ചെത്തും. ഈ വർഷം തന്നെ സീരീസ് റിലീസ് ചെയ്യുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്. ആമസോൺ പ്രൈമിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നാണ് ഫാമിലി മാൻ. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിലും മികച്ച സ്വീകരണമാണ് ഫാമിലി മാന് ലഭിച്ചതെന്ന് ആമസോൺ പ്രൈമിന്റെ ഡയറക്ടറായ നിഖിൽ മാദോക് പറഞ്ഞു. ആദ്യ രണ്ട് സീസണും വമ്പൻ ഹിറ്റായ സീരീസിന്റെ മൂന്നാം പതിപ്പിനുള്ള ആവേശത്തിലാണ് ആരാധകർ. രാജ് ആൻഡ് ഡികെ സംവിധാനവും നിർമാണവും വഹിക്കുന്ന സീരീസിൽ തിരക്കഥ ഒരുക്കുന്നത് ഇരുവരും സുമൻ കുമാറും ചേർന്നാണ്. സുമിത് അറോറയും സുമൻ കുമാറുമാണ് ഡയലോഗുകൾ ഒരുക്കുന്നത്. ഈ വർഷം തന്നെ മൂന്നാം സീസൺ പുറത്തെത്തുമെന്ന് ടീസർ സൂചിപ്പിക്കുന്നു.