തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ വസതിയിലെത്തി നടൻ ദുൽഖർ സൽമാൻ. നടനെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പൊന്നാട അണിയിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. എന്നാൽ അവാർഡ് നിശയിൽ ദുൽഖറിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. . അതുകൊണ്ട് തെലങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദുൽഖറിനൊപ്പം പുതിയ സിനിമയുടെ നിർമാതാക്കളും ഉണ്ടായിരുന്നു. 2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള ഗദ്ദർ തെലങ്കാന ഫിലിം പുരസ്‍കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‍കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് സംവിധായകൻ വെങ്കി അറ്റ്ലൂരി സ്വന്തമാക്കി. ഒരിടവേളക്ക് ശേഷം ദുൽഖറിന്റേതായി തിയേറ്ററിലെത്തിയ ലക്കി ഭാസ്കർ മികച്ച പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ 100 കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തിരുന്നു.
ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. തെലുങ്കില്‍ ലക്കി ഭാസ്‌കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയത്. ഒടിടിയിലും ലക്കി ഭാസ്കറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. തുടര്‍ച്ചയായി 100 ദിവസം നെറ്റ്ഫ്‌ളിക്‌സില്‍ ഇന്ത്യാ ടോപ് 10ല്‍ സ്ഥാനം പിടിച്ച ആദ്യ സൗത്ത് ഇന്ത്യന്‍ ചിത്രമായിരുന്നു ലക്കി ഭാസ്‌കര്‍. ആര്‍ആര്‍ആര്‍, ദേവരാ, കല്‍ക്കി 2898 എഡി എന്നീ സിനിമകളെ പിന്തള്ളിയാണ് ലക്കി ഭാസ്‌കര്‍ ഈ റെക്കോര്‍ഡ് കൈവരിച്ചത്.