‘ലോക’ കാണാൻ കുടുംബസമേതം എത്തി ദുൽഖർ സൽമാൻ. ചെന്നൈയിലെ എജിഎസ് സിനിമാസിലാണ് കുടുംബത്തോടൊപ്പം നടൻ എത്തിയത്. മുൻപ് ഒരു ഓണത്തിന് കിംഗ് ഓഫ് കൊത്ത പുറത്തിറങ്ങിയപ്പോൾ ഒരുപാട് വിമർശനങ്ങൾ നടൻ ഏറ്റുവാങ്ങിയിരുന്നു. പക്ഷേ ഇത്തവണ ഓണം ദുൽഖറും ലോക ടീമും തൂക്കിയെന്നാണ് ആരാധകരുടെ കമന്റ്. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണ് ലോക എന്നാണ് പ്രേക്ഷകർ പറയുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരുടെ അഭിനയവും പോസറ്റീവ് റെസ്പോൺസ് നേടുന്നുണ്ട്. സിനിമയുടെ വി എഫ് എക്സ് മികച്ചതാണെന്നും ടെക്നിക്കൽ സൈഡ് കൊള്ളാമെന്നുമാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ ബിജിഎം കലക്കിയിട്ടുണ്ടെന്നും അഭിപ്രായമുണ്ട്. ജേക്സ് ബിജോയ്യും കയ്യടികൾ വാരിക്കൂട്ടുകയാണ്. ഡൊമിനിക്‌സ് അരുണിന്റെ സംവിധാനത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
ഫാന്റസിയ്‌ക്കൊപ്പം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നൽകുന്ന സിനിമ തിയേറ്ററിൽ കത്തുമെന്ന് ഉറപ്പാണ്. സൂപ്പർഹീറോ ആയ ‘ചന്ദ്ര’ എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ ‘സണ്ണി’ എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും ‘വേണു’ ആയി ചന്ദുവും, ‘നൈജിൽ’ ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’.