മികച്ച അഭിപ്രായങ്ങൾ നേടുന്നതിനോടൊപ്പം ബോക്സ് ഓഫീസിലും ഇപ്പോൾ മലയാള സിനിമകൾ വമ്പൻ കളക്ഷൻ ആണ് നേടുന്നത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസിൽ ആദ്യ ദിനം മലയാള സിനിമകൾ നേടുന്ന കളക്ഷന്റെ വിവരങ്ങൾ പുറത്തുവരുകയാണ്. മോഹൻലാൽ ചിത്രങ്ങളാണ് ലിസ്റ്റിൽ മുന്നിലെന്ന പ്രത്യേകതയുമുണ്ട്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ എമ്പുരാൻ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ആദ്യ ദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 68.20 കോടിയാണ് സിനിമ വാരിക്കൂട്ടിയത്. കേരളത്തിൽ നിന്ന് മാത്രം 14 കോടിയോളമാണ് എമ്പുരാന്റെ കളക്ഷൻ.
കേരളത്തിൽ നിന്നും 86 കോടി നേടിയ സിനിമ ആഗോള ബിസിനസ് വഴി 325 കോടിയാണ് സ്വന്തം പേരിലാക്കിയത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ ആണ് രണ്ടാം സ്ഥാനത്ത്. 20.40 കോടി ആയിരുന്നു സിനിമയുടെ ആഗോള ആദ്യ ദിന കളക്ഷൻ. 2021ൽ പുറത്തിറങ്ങിയ മരക്കാറിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ആന്റണി പെരുമ്പാവൂരും സി.ജെ.റോയും സന്തോഷ് കുരുവിളയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ ഛായാഗ്രഹണം തിരുവും കലാസംവിധാനം സാബു സിറിലും നിർവഹിച്ചു. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് ആണ് മൂന്നാം സ്ഥാനത്ത്. 19.20 കോടിയാണ് സിനിമയുടെ ആഗോള ആദ്യ ദിന കളക്ഷൻ. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കിയാണ് ശ്രീനാഥ് ചിത്രം ഒരുക്കിയത്.
ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 81 കോടി ആയിരുന്നു സിനിമയുടെ ആഗോള ഫൈനൽ കളക്ഷൻ. മോഹൻലാലിന്റെ ഒടിയൻ, തുടരും എന്നിവയാണ് ലിസ്റ്റിലുള്ള മറ്റു സിനിമകൾ. ഒടിയൻ 18.10 കോടി നേടിയപ്പോൾ തുടരും 17.18 കോടി സ്വന്തമാക്കി. മമ്മൂട്ടിയുടെ ടർബോയും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. 16.20 കോടിയാണ് ടാർബോയുടെ ആദ്യ ദിനം നേട്ടം. പൃഥ്വിരാജിന്റെ ആടുജീവിതം 16.04 കോടി നേടിയപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കളങ്കാവൽ 15.66 കോടി സ്വന്തമാക്കി. ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്ത 15.50 കോടി ആണ് ആദ്യ ദിനം നേടിയത്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.




