കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് നിർമാതാവ് കൂടിയായ ദുൽഖർ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. താൻ അഭിനയിച്ച സിനിമകൾ പോലും ഇത്രയും വലിയ ഹിറ്റായിട്ടില്ലെന്നും സിനിമയുടെ ഇത്ര വലിയ വിജയത്തെ ആർക്കും ആദ്യം വിശ്വസിക്കാനായില്ലെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ പറഞ്ഞു.
‘ഒരു അഭിനേതാവ് എന്ന നിലയിൽ പോലും എന്റെ ഒരു സിനിമയും ഇങ്ങനെ ഹിറ്റായിട്ടില്ല. ആദ്യ ഭാഗത്തിൽ കുറിച്ച് നഷ്ടവും വരുമെന്നാണ് ഞങ്ങൾ കരുതിയത്. നല്ല സിനിമയാകും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു പക്ഷെ സിനിമയുടെ ബജറ്റും വലുതായിരുന്നു മാത്രമല്ല ആരും ആദ്യം സിനിമയെ ഏറ്റെടുക്കാൻ വന്നില്ല. ഇനി വരുന്ന ഭാഗങ്ങൾ കൂടുതൽ പൈസയുണ്ടാക്കും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുള്ള റിവ്യൂസും ആദ്യ ദിവസം മുതൽ ഞാൻ കണ്ടുതുടങ്ങി. അതുതന്നെ നല്ലൊരു സൂചനയായിരുന്നു. ഈ സിനിമയുടെ ഇത്ര വലിയ വിജയത്തെ ഞങ്ങൾക്ക് ആർക്കും ആദ്യം വിശ്വസിക്കാനായില്ല’, ദുൽഖറിന്റെ വാക്കുകൾ.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം 250 കോടി പിന്നിട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുറത്തിറങ്ങി പത്തൊമ്പതാമത്തെ ദിവസമാണ് ചിത്രം 250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്. ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു. 242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ. ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.