കോമഡി താരവും അവതാരകനുമായ കപിൽ ശർമ്മക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രംഗത്ത്. തന്റെ പരിപാടികളിൽ ‘ബോംബെ’ എന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് എംഎൻഎസ്സിന്റെ ആവശ്യം. നഗരത്തിന്റെ പേര് മുംബൈ എന്നാക്കി മാറ്റിയിട്ട് ഏകദേശം 30 വർഷമായിട്ടും ‘ബോംബെ’ എന്ന് വിളിക്കുന്നത് നഗരത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എംഎൻഎസ് ആരോപിക്കുന്നു.
കപിൽ ശർമ്മയുടെ പരിപാടികൾക്ക് വലിയ കാഴ്ചക്കാരുണ്ട്. ഈ പരിപാടികളിൽ പലപ്പോഴും അദ്ദേഹം ‘ബോംബെ’ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഇത് മുംബൈ നഗരത്തിന്റെ യഥാർത്ഥ സ്വത്വത്തെ ഇല്ലാതാക്കുന്നുവെന്നാണ് എംഎൻഎസ്സിന്റെ നിലപാട്. എംഎൻഎസ്സിന്റെ സിനിമാ വിഭാഗം നേതാവായ അമയ ഖോപ്കറാണ് ഇക്കാര്യത്തിൽ കപിൽ ശർമ്മക്ക് നേരിട്ട് മുന്നറിയിപ്പ് നൽകിയത്. ‘ബോംബെ’, ‘ബംബൈ’ തുടങ്ങിയ പേരുകൾ ഒഴിവാക്കി പകരം ‘മുംബൈ’ എന്ന് മാത്രം ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1995-ലാണ് നഗരത്തിന്റെ പേര് ഔദ്യോഗികമായി ബോംബെയിൽ നിന്ന് മുംബൈ എന്നാക്കി മാറ്റിയത്. അന്നത്തെ ശിവസേന-ബിജെപി സർക്കാരാണ് ഈ പേരുമാറ്റത്തിന് മുൻകൈയെടുത്തത്. മറാത്തി സംസ്കാരത്തിനും പ്രാദേശിക വികാരങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുക എന്നതായിരുന്നു ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യം. നഗരത്തിന്റെ പേരുമായി ബന്ധപ്പെട്ട് നേരത്തെയും പലതവണ വിവാദങ്ങൾ ഉയർന്നിട്ടുണ്ട്. ഈ വിഷയത്തിൽ കപിൽ ശർമ്മയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.