Malayalam

ലോകയിലെ ആ ഒരു ഷോട്ടിന് വേണ്ടി രാത്രി മുഴുവന്‍ ഇരുന്നു, പക്ഷെ സിനിമയിൽ നിന്ന് അത് വെട്ടി; ഡൊമിനിക് അരുൺ

മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” റെക്കോർഡുകൾ തിരുത്തിയാണ് തിയേറ്റർ വിട്ടത്. ആഗോള തലത്തിൽ നിന്നും 300 കോടിയാണ് സിനിമ അടിച്ചെടുത്തത്. സിനിമയിലെ കല്യാണിയുടെ പ്രകടനത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ഇപ്പോഴിതാ സിനിമയിലെ കട്ട് ചെയ്ത് മാറ്റിയ ഒരു രംഗത്തെക്കുറിച്ച് പറയുകയാണ് ഡൊമിനിക്. റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘നസ്‌ലനെ കാറിടിക്കാന്‍ പോകുമ്പോള്‍, കല്യാണി വണ്ടിയുടെ മുന്നില്‍ നിന്ന് തള്ളിയിടുന്ന ഒരു സീനുണ്ട്. നസ്‌ലെന്റെ ക്ലോസ്അപ്പ് കാണിച്ചിട്ട് പിന്നെ രണ്ട് പേരെയും റിവീല്‍ ചെയ്യുന്ന ഒരു ഷോട്ട് ഒറ്റ ഷോട്ടില്‍ കാണിക്കുക, അങ്ങനെയായിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. പക്ഷേ അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ ആ ദിവസങ്ങളില്‍ സെറ്റിലുണ്ടായിരുന്നില്ല. അതുകൊണ്ട് വേറേ ഒരാളെ വെച്ചിട്ട് ഞങ്ങള്‍ക്ക് ഷൂട്ട് ചെയ്യണമായിരുന്നു,’ ഡൊമിനിക് അരുൺ പറഞ്ഞു.അവസാനം ആ ഷോട്ട് കിട്ടി കഴിഞ്ഞപ്പോള്‍ എഡിറ്റര്‍ ചമന്‍ ചാക്കോ ഒരുപാട് സമയം എടുക്കുന്നുണ്ടെന്ന് പറഞ്ഞ് അത് കട്ട് ചെയ്തുവെന്നും ഡൊമിനിക് തമാശരൂപേണ പറഞ്ഞു. ഒരു രാത്രി മുഴുവന്‍ ആ ഷോട്ട് കിട്ടാന്‍ വേണ്ടി തങ്ങള്‍ ഇരുന്നുവെന്നും അത് തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും വളരെ ബുദ്ധിമുട്ടായിരുന്നുവെന്നും ഡൊമിനിക് കൂട്ടിച്ചേര്‍ത്തു.

മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്.

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായമാണ് അഭിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button