ദിൽജിത് ദോസാഞ്ച്, ഹാനിയ ആമിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അമർ ഹുണ്ടൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ കോമഡി സിനിമയാണ് സർദാർജി 3. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രെയ്‌ലർ റിലീസിന് പിന്നാലെ ദിൽജിത് ദോസാഞ്ചിന് നേരെ കടുത്ത വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. പാക് താരം ഹാനിയയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ പേരിലാണ് നടന് വിമർശനങ്ങൾ ഉയരുന്നത്.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ബഹിഷ്‌കരിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ദിൽജിത്തിനും വിമർശങ്ങൾ നേരിടേണ്ടി വരുന്നത്. ‘പാകിസ്ഥാൻ അഭിനേതാക്കളെ ഇന്ത്യയിൽ കർശനമായി നിരോധിച്ചിരിക്കെ, ദിൽജിത് ദോസാഞ്ചും ഹാനിയ ആമിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു സിനിമ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ലജ്ജ തോന്നുന്നു’, എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. ദിൽജിത് ദോസാഞ്ചിനെ ഇനി വരാനിരിക്കുന്ന ബോർഡർ 2 എന്ന സിനിമയിൽ നിന്ന് പുറത്താക്കുകയും ഇന്ത്യൻ ഇൻഡസ്ട്രിയിൽ നിന്ന് ആജീവനാന്തമായി വിലക്കണം എന്നും കമന്റുകൾ ഉയരുന്നുണ്ട്.
വ്യാപക വിമർശനത്തിന് പിന്നാലെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ യൂട്യൂബിൽ നിന്നും നീക്കം ചെയ്തു. അതേസമയം, ട്രെയ്‌ലർ ദിൽജിത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ലഭ്യമാണ്. ചിത്രം ഓവർസീസിൽ മാത്രമാണ് റിലീസിന് ഒരുങ്ങുന്നതെന്ന് എന്നാണ് പുതിയ റിപ്പോർട്ട്. ജൂൺ 27 നാണ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നത്. നേരത്തെ വാണി കപൂറും പാകിസ്താൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനം ഉയർന്നിരുന്നു. ഒരു ഇന്ത്യ-പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത്. വിവാദങ്ങളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരുന്നു.