ഡൈ ഹാർഡ്, ദി സിക്സ്ത് സെൻസ്, പൾപ്പ് ഫിക്ഷൻ, അൺബ്രെക്കബിൾ, തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേക്ഷകരുടെ പ്രിയം സമ്പാദിച്ച ഹോളിവുഡ് ആക്ഷൻ ഹീറോ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷിയും ഓർമ്മശക്തിയും നഷ്ട്ടപ്പെട്ട എന്ന് റിപ്പോർട്ടുകൾ. ഏറെ നാളായി ഡിമെൻഷ്യ ബാധിതനായിരുന്ന ബ്രൂസ് വില്ലിസിനെ രോഗം മൂർച്ഛിച്ചപ്പോൾ വീട്ടിൽ നിന്നും സ്പെഷ്യൽ കെയർ ഹോമിലേക്ക് മാറ്റി. നടന്റെ നില മെച്ചപ്പെടും വരെ അദ്ദേഹത്തെ വീട്ടിൽ നിന്നും മാറ്റേണ്ടി വന്നു എന്ന് ബ്രൂസ് വില്ലിസിന്റെ ഭാര്യയും നടിയുമായ എമ്മ ഹെമിങാണ് വെളിപ്പെടുത്തിയത്. 2023 ഫെബ്രുവരിയിലാണ് 70 കാരനായ താരത്തിന് ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ എന്ന രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് പതിയെ പെരുമാറ്റ വൈകല്യത്തിലേയ്ക്കും, സംസാര ശേഷി നഷ്ട്ടപ്പെടുന്നതിലേയ്ക്കും നയിക്കും. നിലവിൽ ബ്രൂസ് വില്ലിസിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.
ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യ സാധാരണയായി ചെറുപ്പക്കാരെ ബാധിക്കുന്നതും, കാലക്രമേണ രോഗലക്ഷണങ്ങൾ വഷളാവുന്നതുമായ (progressive) ഒരു അവസ്ഥയാണ്. FTD യുടെ കാരണങ്ങൾ കണ്ടെത്തുകയോ ചികിത്സിക്കുകയോ ചെയ്യാൻ നിലവിൽ സാധ്യമല്ല, എന്നാൽ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളുണ്ട്. 2023ൽ റിലീസ് ചെയ്ത ‘അസാസിൻ’ ആണ് ബ്രൂസ് വില്ലിസ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച അവസാന ചിത്രം. 1988ൽ പുറത്തിറങ്ങിയ ഡൈ ഹാർഡ് എന്ന ചിത്രത്തിലൂടെ ബ്രൂസ് വില്ലിസ് ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളിലൊരാളായി മാറിയിരുന്നു. പിനീട് പിന്നീട് 4 ചിത്രങ്ങൾ കൂടി ഈ പരമ്പരയിൽ പുറത്തിറങ്ങി.