Celebrity

‘ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്’, അധിക്ഷേപിച്ചയാൾക്ക് മറുപടിയുമായി ദയ സുജിത്ത്

ഛായാഗ്രഹകനായ സുജിത്ത് വാസുദേവന്റെയും, നടി മഞ്ജു പിള്ളയുടെയും മകളാണ് ദയ സുജിത്ത്. വിദേശത്തെ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയ ദയ ഇപ്പോൾ മോഡലിംഗിലും സോഷ്യൽ മീഡിയയിലും സജീവമാണ്. തന്നെ ബോഡി ഷെയ്മിങ്ങ് നടത്തിയ ഒരു വ്യക്തിയ്ക്ക് ദയ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെ കാണാൻ ‘ആണത്തം’ കൂടുതലാണെന്നും ജിമ്മിൽ പോയാൽ പൂർണമായും ഒരു ആണായി മാറുമെന്നും ആയിരുന്നു അധിക്ഷേപ കമന്റ് ഇതിന് ‘ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട്’ എന്നാണ് ദയ നൽകിയ മറുപടി. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടാണ് പ്രതികരണം.

‘ഒരാൾ എന്നോട് പറഞ്ഞു, എനിക്ക് ആണത്തം കൂടുതലാണെന്ന്. ഇനി ജിമ്മിൽ കൂടി പോയിക്കഴിഞ്ഞാൽ നീ പൂർണമായും ഒരു ആണായി മാറുമെന്ന് അയാൾ പറഞ്ഞു. എന്റെ ആണത്തം നിങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതിൽ എനിക്ക് ഖേദമുണ്ട്. എന്റെ ഈ ആണത്തത്തെ ഉൾക്കൊള്ളാൻ കഴിയുന്നത്ര പൗരുഷം നിങ്ങൾക്കില്ലാത്തതിൽ ഞാൻ ഖേദിക്കുന്നു. എന്നേക്കാൾ വലിയ ആണ്‌ നിങ്ങളാണെന്ന് കരുതാൻ മാത്രം ആണത്തം നിങ്ങൾക്കില്ലാത്തതിൽ എനിക്ക് വിഷമമുണ്ട് കേട്ടോ. തീർന്നു,’ ദയ സുജിത് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു.

ദയയുടെ ഈ പ്രതികരണത്തെ അനുകൂലിച്ച് നിരവധി പേരാണ് എത്തുന്നത്. ഫാഷൻ ഡിസൈനിംഗ്, പെയിന്റിംഗ് തുടങ്ങിയ മേഖലകളിലും താൽപ്പര്യമുള്ള ദയ തന്റെ യൂട്യൂബ് ചാനലിലൂടെ ടോക്സിക് റിലേഷൻഷിപ്പുകളെ കുറിച്ചും ബ്രേക്കപ്പുകളെ കുറിച്ചും തുറന്ന കാഴ്ചപ്പാടുകൾ പങ്കുവെക്കാറുണ്ട്. തന്നെ ബോഡി ഷെയ്മിങ്ങ് നടത്തുന്നവർക്കുള്ള മറുപടിയുമായി നേരത്തെയും ദയ രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ താന്‍ വണ്ണം വച്ചുവെന്ന് പറഞ്ഞവര്‍ക്ക് ദയ നല്‍കിയ മറുപടിയും വൈറലായിരുന്നു. ”ഒരു അമ്മച്ചി വന്നിട്ട് ജാനി നീ അങ്ങ് ഫുള്‍ വണ്ണം വച്ചല്ലോ, രണ്ട് വര്‍ഷം മുമ്പ് കണ്ട നീയല്ലല്ലോ എന്നാണ് പറഞ്ഞത്. ആന്റി ആദ്യം തന്നെ പറയട്ടെ നിങ്ങള്‍ ഒരു ഫ്രിഡ്ജ് പോലെയാണ്. എന്നിട്ട് എന്റെ ശരീരത്തെപ്പറ്റി പറയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്? എന്നോട് കളിക്കല്ലേ?” എന്നാണ് ദയ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button