ലോകേഷ് കനഗരാജ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന ചിത്രത്തിൽ നായികയാകുന്നത് ലോകേഷിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂലിയിൽ ഫീമെയിൽ വില്ലൻ കഥാപാത്രമായി ശ്രദ്ധ നേടിയ രചിതാ റാം. ക്യാപ്റ്റൻ മില്ലർ, റോക്കി, സാനി കായിധം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ മതേശ്വരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ജയിലർ എന്ന ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായി അഭിനയിച്ച മിർന മേനോൻ ആണ് ലോകേഷിന്റെ ജോഡിയാകുന്നതെന്നു ആദ്യ റൂമറുകളുണ്ടായിരുന്നുവെങ്കിലും, പിന്നീട കാസ്റ്റിങ്ങിൽ കാര്യമായ മാറ്റങ്ങൾ നടന്നു എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി നലോകേഷ് കനഗരാജ് നിലവിൽ മാർഷ്യൽ ആർട്ട്സ് പരിശീലിച്ചുകൊണ്ടിരിക്കുകയാണ്. കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ, പ്രഷ പരിപാടികൾക്ക് ശേഷം ലോകേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുന്നുവെന്ന് അദ്ദേഹം തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ലോകേഷും ദളപതി വിജയ്‍യും ആദ്യമായി ഒന്നിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ലോകേഷ് പ്രത്യക്ഷപ്പെട്ടിരുന്നു.
വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന റിലീസിനൊരുങ്ങുന്ന ജനനായകനിലും ലോകേഷ് കനഗരാജ് അഭിനയിക്കുന്നുണ്ട്. കൂടാതെ ലോകേഷിന്റെ സമകാലികനായ സംവിധായകൻ ആറ്റ്ലിയും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട് എന്നും ഇരുവരും മാധ്യമപ്രവർത്തകരായാണ് അഭിനയിക്കുന്നത്.കമൽ ഹാസനും രജനികാന്തും 40 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ലോകേഷ് അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്നത്. ലോകേഷ് കാർത്തിക്കൊപ്പം ഒന്നിച്ച lcu വിലെ ആദ്യ ചിത്രം കൈതിയുടെ രണ്ടാം ഭാഗം തുടങ്ങാൻ ഇനിയും കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.