ഹൃത്വിക് റോഷനെയും ജൂനിയർ എൻടിആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അയൻ മുഖർജി സംവിധാനം ചെയ്യുന്ന സിനിമയാണ് വാർ 2. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നിരുന്നു. വലിയ ജനസാഗരമായിരുന്നു ഇവന്റിനുണ്ടായിരുന്നത്. ഇപ്പോഴിതാ പരിപാടി കഴിഞ്ഞ് മടങ്ങവേ ആരാധകർ മെട്രോ സ്റ്റേഷനിൽ കണ്ട ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ജൂനിയർ എൻടിആർ, ഹൃത്വിക് റോഷൻ ആരാധകർ ഉൾപ്പെടെയുള്ളവർ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ മെട്രോ സ്റ്റേഷനിൽ നിൽക്കവെ കൂലിയുടെ ബാനർ ഒട്ടിച്ച ട്രെയിൻ സ്റ്റേഷനിൽ എത്തുന്ന വീഡിയോ ആണ് ട്രെൻഡിങ് ആകുന്നത്.
ട്രെയിൻ വന്നയുടൻ ജനങ്ങൾ ആർപ്പുവിളിക്കുന്നതും വീഡിയോയിൽ കാണാം. മികച്ച സ്വീകരണമാണ് ഈ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. ‘പക്കാ സിനിമാറ്റിക് മൊമെന്റ്’, സിനിമയിൽ പോലും കാണില്ല ഇങ്ങനെ ഒരു മാസ്സ് സീൻ’, എന്നിങ്ങനെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. ജൂനിയർ എൻടിആർ ആരാധകരെ വെറുമൊരു പോസ്റ്റർ കൊണ്ട് രജനികാന്ത് നിശ്ശബ്ദരാക്കിയെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. അതേസമയം, രണ്ട് സിനിമകളും ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2 .
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ‘വാർ 2’ നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’.
‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂനിയർ എൻടിആർ 70 കോടി പ്രതിഫലം വാങ്ങിയപ്പോൾ ഹൃത്വിക് റോഷന് 50 കോടിയും സിനിമയുടെ ലാഭ വിഹിതവും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇതുവരെ പുറത്തുവിട്ട സിനിമയുടെ അപ്ഡേറ്റുകളിൽ ആരാധകർ തൃപ്തരല്ല.