കുടുംബ പ്രേഷകരുടെ കണ്ണും മനസ്സും നിറച്ച് ‘അം അഃ’ 60 നാൾ പിന്നിടുമ്പോൾ
ഇടുക്കിയുടെ മനോഹാരിതയിലേക്കും കഥയുടെ ആത്മസംഘർഷങ്ങളിലേക്കും നമ്മെ കൊണ്ടുപോയ ഛായാഗ്രഹകൻ അനീഷ് ലാൽ മനസ്സുതുറക്കുന്നു.
അം അഃ – അനുഭവങ്ങൾ
അം അഃ എന്നെ സംബന്ധിച്ചിടത്തോളം ഛായാഗ്രഹകൻ എന്നതിലുപരി സ്ക്രിപ്റ്റ് ഡിസ്കഷൻ സ്റ്റേജ് മുതൽ മാർക്കറ്റിംഗ് വ െര എല്ലാ മേഖലകളിലും ഇൻവോൾവ് ചെയ്യാൻ സാധിച്ച ഒരു സിനിമ കൂടിയാണ്. ഏകദേശം 12 ഓളം സിനിമകൾ ഡ്രോപ്പ് ചെയ്തിട്ട് നിൽക്കുന്ന സമയത്തായിരുന്നു അം അഃ യുടെ തിരക്കഥ കേട്ടത്. അതിനകത്ത് ഒരു വാല്യൂബിൾ കണ്ടന്റ് ഉണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചത്, മാത്രമല്ല ജമുനാപ്യാരിക്ക് ശേഷം തോമസ് സെബാസ്റ്റ്നുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നല്ല സിനിമയായിരിക്കും എന്നൊരു ബോധ്യമുണ്ടായിരുന്നു, തിയേറ്ററുകളിൽ അറുപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ ഒരുപാട് സന്തോഷം
എങ്ങനെയാണ് മൂലമറ്റവും കവന്തയും ഈ സിനിമയുടെ ഭാഗമാകുന്നത്?
ഇതിൻറെ തിരക്കഥാകൃത്ത് കവി പ്രസാദിന്റ ജന്മദേശം ആണ് മൂലമറ്റം, ഞങ്ങളെ ഈ സ്ഥലങ്ങൾ കാണിച്ചതിനു ശേഷമാണ് ഈ കഥ പറയുന്നത്. കഥയിലെ പല കഥാപാത്രങ്ങളും ഈ നാട്ടിലെ ജീവിച്ചിരിക്കുന്നവർ തന്നെയാണ്. ഷൂട്ടിംഗ് സമയത്തുള്ള ബുദ്ധിമുട്ട് ഇവിടുത്തെ ഭൂപ്രകൃതിയാണ്. െ ചരിഞ്ഞുകിടക്കുന്ന സ്ഥലങ്ങളാണ് . ഓരോ ലൊക്കേഷനിലേക്കും സാധനങ്ങൾ എത്തിക്കുക എന്നുള്ളത് മാത്രമായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. സുഹൃത്തുക്കളായ ഒരു ടീമായിരുന്നു കൂടെയുണ്ടായിരുന്നത്, അവരുടെ സ്നേഹത്തിനു മുന്നിൽ മലയും കുന്നു ഒന്നും ഒന്നുമല്ലാതായി. ഈ സിനിമയിൽ ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് അവരോട് ആണ്.
ചിത്രത്തിൽ തീരെ ചെറിയൊരു കുഞ്ഞ് അഭിനയിച്ചിട്ടുണ്ട് അത് ഉറങ്ങുന്ന ഒരു ഷോട്ട് ആവശ്യമായിരുന്നു അങ്ങനെ ഞങ്ങൾ ക്രെയിൻ ഒക്കെ സെറ്റ് ചെയ്തിട്ട് ഞാൻ അതിൻറെ മുകളിൽ കയറിയിരുന്നു, കുട്ടിയും അമ്മയും ഉറങ്ങാൻ കിടന്നു ഏകദേശം ഒരു മണിക്കൂർ ഒരു ശബ്ദവും ഉണ്ടാക്കാതെ ഞങ്ങൾ അങ്ങനെ ഇരുന്നു. കുട്ടി ഉറങ്ങി, ഷോട്ട് സ്റ്റാർട്ട് ചെയ്തു ക്രെയിൻ കുട്ടിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ ഉറക്കത്തിൽ അവൾ പുഞ്ചിരിച്ചു. ഞങ്ങൾക്ക് ഭയങ്കര സന്തോഷം ഉണ്ടാക്കിയ ഒരു കാര്യമാണ് അത് അങ്ങനെ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്.
സിനിമാട്ടോഗ്രാഫി കരിയർ എങ്ങനെയായിരുന്നു ?
2012-ൽ ശങ്കർ (ശങ്കർ ദേവഗിരി ) സംവിധാനം ചെയ്ത് “സ്ട്രീറ്റ്‌ലൈറ്റ്” എന്ന ഓഫ്‌ബീറ്റ് ചിത്രത്തിലൂടെയാണ് ഞാൻ സ്വതന്ത്ര ഛായാഗ്രാഹകനായത്. തുടർന്ന്, ഞങ്ങളുടെ സുഹൃത്തും സഹപാഠിയുമായ ഷഹീദ് ഖാദർ സംവിധാനം ചെയ്ത “ചെന്നൈയിൽ ഒരു നാൾ” എന്ന ചിത്രത്തിന് സഹസംവിധായകനായി. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി (2015) എന്ന ചിത്രമാണ് കരിയറിലെ വഴിത്തിരിവ്. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പ് (2016), വേട്ട എന്നിവയുൾപ്പെടെ രാജേഷ് പിള്ളയുടെ മൂന്നിലധികം ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംവിധായകൻ രാജേഷ് പിള്ളയുമായി നല്ല കെമിസ്ട്രി ആയിരുന്നല്ലോ അതുകൊണ്ടാണല്ലോ നിങ്ങൾ മൂന്ന് പടങ്ങൾ ഒരുമിച്ച് ചെയ്തത് ഓർമ്മകൾ ഒന്ന് ഷെയർ ചെയ്യാമോ ?
എൻറെ കരിയറിലും വ്യക്തിജീവിതത്തിലും ഒരുപാട് നഷ്ടമുണ്ടാക്കിയതാണ് രാജേഷ് ഏട്ടൻറെ മരണം . ട്രാഫിക്കിന്റെ ഹിന്ദിയും, മിലിയും, വേട്ടയും ആണ് രാജേഷേട്ടനോട് ഒന്നിച്ച ചിത്രങ്ങൾ. ഞാൻ അസിസ്റ്റൻറ് ആയിരിക്കുന്ന കാലം തൊട്ടുള്ള അടുപ്പമാണ് രാജേഷേട്ടനുമായിട്ട്, നമ്മളെ മനസ്സിലാക്കുകയും തുറന്നു അഭിപ്രായം പറയാനും തർക്കിക്കാനും സ്പേസ് തരുന്ന സംവിധായകനായിരുന്നു രാജേഷേട്ടൻ. അങ്ങനെയുള്ള ഇടങ്ങളിൽ നമ്മുടെ വർക്കും നന്നാവും. ഒരു മൂത്ത ജേഷ്ഠന്റെ ചേർത്തു പിടിക്കൽ തന്നെയായിരുന്നു അത്.

പുതിയ ചിത്രത്തെക്കുറിച്ച് ?
ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം തമിഴിലാണ് അരികൊമ്പൻ എന്നാണ് ചിത്രത്തിൻറെ പേര്. പൂർണ്ണമായും കാടിനുള്ളിൽ സെറ്റിട്ട് ചിത്രീകരിച്ച ചിത്രമാണിത് .ഏപ്രിൽ അവസാനത്തോടെ അത് തിയേറ്ററിൽ എത്തും.