ഹോളിവുഡിൽ നിലവിലെ ഏറ്റവും മികച്ച നടന്മാരിലൊരാളെന്ന് വിലയിരുത്തപ്പെടുന്ന ലിയനാർഡോ ഡികാപ്രിയോ, ക്രിസ്ത്യൻ ബെയ്ൽ എന്നിവർ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു. മൈക്കിൾ മാൻ സംവിധാനം ചെയ്ത് ഇതിഹാസ നടന്മാരായ അൽപ്പച്ചീനോ, റോബർട്ട് ഡീ നീറോ എന്നിവർ നേർക്കുനേർ നിന്ന് അഭിനയിച്ച് വമ്പൻ ഹിറ്റായി മാറിയ ഹീറ്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആദ്യ ചിത്രം പറഞ്ഞത് ഒരു പ്രൊഫെഷണൽ മോഷണ സംഘത്തിന്റെ തലവനും ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പോരാട്ടമായിരുന്നു. ഹീറ്റ് 2ൽ ഉള്ളത് മുൻവിഭാഗത്തിൽ പറഞ്ഞു വെച്ച കഥയുടെ ബാക്കിയാണോ, അതേ യൂണിവേഴ്‌സിൽ നടക്കുന്ന മറ്റൊരു കഥയാണോ, അതോ ചിത്രത്തിന്റെ റീമേക്ക് ആണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.1995ൽ റിലീസ് ചെയ്ത ഹീറ്റ് പിന്നീട് വന്ന ഡാർക്ക് നൈറ്റ് അടക്കം വമ്പൻ ചിത്രങ്ങൾക്ക് പ്രചോദനമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രതിഭാധനരായ സമകാലികരാണെങ്കിലും ഇതിനു മുൻപ് ഒരു ചിത്രത്തിൽ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലാത്ത ഡികാപ്രിയോയും ബെയ്‌ലും നേർക്കുനേർ വരുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകർ.
മുൻപൊരിക്കൽ കരിയറിന്റെ ആദ്യ ഘട്ടത്തിൽ മികച്ച വേഷങ്ങൾക്കായി തിരഞ്ഞ്‌കൊണ്ടിരുന്ന തനിക്ക് ലഭിച്ച വേഷങ്ങളൊക്കെ ഡികാപ്രിയോ കേട്ട് വേണ്ടെന്നു വെച്ചവയായിരുന്നു എന്നും, എല്ലാ മികച്ച വേഷങ്ങളും സംവിധായകർ ആദ്യം പറയുക അദ്ദേഹത്തോട് തന്നെയായിരിക്കുമെന്നും ക്രിസ്ത്യൻ ബെയ്ൽ പറഞ്ഞിരുന്നു.മുൻപ് ക്രിസ്ത്യൻ ബെയ്ൽ വേഷമിട്ട ‘ഔട്ട് ഓഫ് ദി ഫർനസ്’ എന്ന ചിത്രത്തിന്റെ സഹനിർമ്മാതാവായി ഡികാപ്രിയോ പ്രവർത്തിച്ചിരുന്നു. ബെയ്ൽ അടുത്തിടെ അനാഥ കുട്ടികൾക്കായി കാലിഫോർണിയയിൽ പണിത ചെറുഗ്രാമത്തിന്റെ നിർമ്മാണത്തിനും ഡികാപ്രിയോ ധനസഹായം നൽകിയിരുന്നു.




