Celebrity

നടി തൃഷയുടെ വീടിന് നേരെ വ്യാജ ബോംബ് ഭീഷണി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ, നടി തൃഷ എന്നിവരുടെ വീടുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, നടി തൃഷയുടെ വീട് ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് ഡയറക്ടർ ജനറലിന് ലഭിച്ച സന്ദേശത്തിൽ പറയുന്നു.

ഇന്ന് പുലർച്ചെയാണ് ഡി.ജി.പിയുടെ ഓഫിസിലേക്ക് സന്ദേശം ലഭിച്ചത്. ബി.ഡി.ഡി.എസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇത്തരം ഭീഷണികൾക്ക് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അടുത്തിടെയായി ഇത്തരം ഭീഷണികളിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടൻ വിജയ്യുടെ വീടിന് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.

അതേസമയം, നടി തൃഷയുടേതായി നിരവധി സിനിമകൾ റിലീസായി ഒരുങ്ങുന്നുണ്ട്. സംവിധായകൻ വസിഷ്ഠയുടെ ഫാന്‍റസി ആക്ഷൻ ത്രില്ലർ ‘വിശ്വംഭര’യിൽ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ നായികയായി നടി എത്തുന്നുണ്ട്. കൂടാതെ നടൻ സൂര്യയുടെ ‘കറുപ്പ്’ എന്ന ചിത്രത്തിലും തൃഷയാണ് നായിക. ആർ.ജെ ബാലാജിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ മേക്കോവറിലായിരിക്കും കറുപ്പിൽ അവതരിപ്പിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് കറുപ്പിലുള്ളത്. സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക. ചിത്രത്തില്‍ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സാണ് നിർമിക്കുന്നത്. നിരവധി ഗംഭീര ചിത്രങ്ങള്‍ക്ക് പിന്നിലെ ലെന്‍സ്മാന്‍ ജി. കെ വിഷ്ണു ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button