മലയാളികൾക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത നടനാണ് ബിനു പപ്പു. പ്രക്ഷകരെ നിർത്താതെ ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ മകൻ കൂടിയാണ് അദ്ദേഹം. കൂടുതലും സീരിയസ് കഥാപാത്രങ്ങളും പൊലീസ് വേഷത്തിലുമാണ് ബിനു പപ്പുവിനെ ആരാധകർ കണ്ടിട്ടുള്ളത്. അദ്ദേഹത്തിൽ നിന്ന് കോമഡി കഥാപാത്രങ്ങൾ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് കോമഡി വേഷങ്ങൾ ചെയ്യാതിരിക്കുന്നതെന്ന് പറയുകയാണ് ബിനു പപ്പു. പപ്പുവിന്റെ മകൻ എന്ന വിശേഷണം ഉള്ളത് കൊണ്ട് തന്നെ അച്ഛനുമായി താരതമ്യപ്പെടുത്തുമെന്നും അദ്ദേഹം ചെയ്തതിന് മുകളിൽ എന്തെങ്കിലും ചെയ്യാൻ ആളുകൾ ആഗ്രഹിക്കുമെന്നും ബിനു പറഞ്ഞു. ഈ പേടി കൊണ്ടാണ് കോമഡി ചെയ്യാൻ മടിക്കുന്നതെന്ന് ബിനു പപ്പു പറഞ്ഞു. പേർളി മാണി ഷോയിലാണ് നടന്റെ പ്രതികരണം. കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ കോമഡി പരമാവധി ഒഴിവാക്കാറുണ്ടെന്നും ബിനു പപ്പു കൂട്ടിച്ചേർത്തു.
‘പതിമൂന്ന് വർഷത്തെ അനിമേഷൻ ഫീൽഡ് വിട്ട് സിനിമയിൽ വന്നപ്പോൾ നല്ല പേടിയുണ്ടായിരുന്നു. സിനിമയാണ് എന്റെ കരിയർ എന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. മായാനദി സിനിമയ്ക്ക് ശേഷമാണ് അങ്ങനെയൊരു തീരുമാനം എടുത്തത്. ഒരു നെപോ കിഡ് ആയതുകൊണ്ടുതന്നെ സിനിമയിൽ കയറാൻ എളുപ്പമാണ്. എന്നാൽ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്. പപ്പുവിന്റെ മകൻ എന്ന വിശേഷണത്താൽ വന്നതുകൊണ്ട് തന്നെ അച്ഛനുമായുള്ള കംപാരിസൺ വരും. അതിനുമുകളിൽ എന്തെങ്കിലും ചെയ്യണം എന്നാണ് പ്രേക്ഷകർ എന്നിൽ നിന്നും പ്രതീക്ഷിക്കുക. അതുകൊണ്ടാണ് എനിക്ക് കോമഡി കഥാപാത്രങ്ങൾ അഭിനയിക്കാനും തിരഞ്ഞെടുക്കാനുള്ള പേടി. ഓരോ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും കോമഡി രംഗങ്ങൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. ഭീമന്റെ വഴി എന്ന സിനിമയിൽ മാത്രമാണ് ഒരു കോമഡി കഥാപാത്രമായി അഭിനയിച്ചിട്ടുള്ളു,’ ബിനു പപ്പു പറഞ്ഞു.




