കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമ നിർമാണം വലിയ തോതിൽ കുറഞ്ഞതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. കഴിഞ്ഞ ആറുമാസത്തിനിടയിൽ സിനിമ നിർമാണം 45 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. പല വൻകിട നിർമാതാക്കളും മലയാള സിനിമകളിൽ പണം മുടക്കുന്നതിന് തയ്യാറാകുന്നില്ല. മലയാള സിനിമയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട് എന്ന ചിത്രമാണ് ലഭിക്കുന്നത്. ഒന്നിന് പുറകെ ഒന്നായി വരുന്ന വാർത്തകളിലൂടെ അത്തരമൊരു ചിത്രം ലഭിക്കുന്നുണ്ടെങ്കിൽ അതിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്താൻ സാധിക്കില്ല. അടുത്ത രണ്ടോ മൂന്നോ മാസത്തിനുള്ളിൽ ഈ വ്യവസായം പൂർണ്ണമായി നിശ്ചലമായാൽ പോലും അത്ഭുതപ്പെടാനില്ല എന്ന് ബി ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ സ്വീകരിക്കുന്നത് സംബന്ധിച്ച് കർശന നിർദേശം കൊണ്ടുവന്നിട്ടുണ്ട്. അത് ഏറ്റവും അധികം ബാധിക്കുന്നതും മലയാള സിനിമയെയായിരിക്കും. മുതൽമുടക്കാൻ ആളില്ല, വരുമാന സ്രോതസ്സുകൾ കുറയുന്നു, പൊതുസമൂഹത്തിന് മുന്നിൽ മോശമായ ചിത്രമുണ്ടാകുന്നു. ഈ സാഹചര്യത്തിൽ ഇത്തരം പെരുമാറ്റമുള്ളവരുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും അദ്ദേഹംപറഞ്ഞു.
ഷൈൻ ടോം ചാക്കോയുടെ ബന്ധപ്പെട്ട വിവാദങ്ങളിൽ നടന് ഫെഫ്ക കർശന താക്കീത് നൽകിയതായും അദ്ദേഹം വ്യക്തമാക്കി. എഎംഎംഎയെ അറിയിച്ച ശേഷം ഷൈൻ ടോം ചാക്കോയുടെ തങ്ങൾ സംസാരിച്ചിരുന്നു. ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായി അദ്ദേഹം തങ്ങളോട് സമ്മതിച്ചിട്ടുണ്ട്. ഈ ശീലങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ പ്രഫഷണൽ അസ്സിസ്റ്റൻസ് സ്വീകരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.