ഗജിനി, തുപ്പാക്കി, കത്തി തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് എ ആർ മുരുഗദോസ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല ഫോമിലല്ല മുരുഗദോസ്. സംവിധായകന്റേതായി പുറത്തുവന്ന കഴിഞ്ഞ സിനിമകളൊക്കെയും ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ശിവകാർത്തികേയൻ ചിത്രം മദ്രാസി ആണ് ഇനി പുറത്തിറങ്ങാനുള്ള മുരുഗദോസ് സിനിമ. ചിത്രത്തിലൂടെ അദ്ദേഹം കംബാക്ക് നടത്തുമെന്നാണ് പ്രേക്ഷകർ പറയുന്നത്. കമൽ ഹാസൻ-മണിരത്‌നം ചിത്രം തഗ് ലൈഫ് ഇന്നലെ പുറത്തുറങ്ങിയിരുന്നു. മോശം പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഷങ്കറിന് പിന്നാലെ മണിരത്നവും നിരാശപ്പെടുത്തിയെന്നാണ് കമന്റുകൾ.
വമ്പൻ സംവിധായകർ എല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണെന്നും ഇനി എല്ലാ പ്രതീക്ഷയും എ ആർ മുരുഗദോസിലാണെന്നാണ് സിനിമാപ്രേമികൾ എക്സിൽ കുറിക്കുന്നത്. ഷങ്കറും മണിരത്‌നവും മോശം സിനിമകളുമായി എത്തിയത് പോലെ മുരുഗദോസ് എത്തില്ലെന്നും ഇത്തവണ അദ്ദേഹം ഉറപ്പായും തിരിച്ചുവരുമെന്നാണ് അഭിപ്രായങ്ങൾ. മികച്ച ഫോമിലുള്ള ശിവകാർത്തികേയനൊപ്പം വരുമ്പോൾ ഉറപ്പായും മുരുഗദോസ് മുൻ തെറ്റുകളൊന്നും ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷകൾ.
ബോളിവുഡ് കരകയറുമോ? അക്ഷയ് കുമാർ കംബാക്ക് നടത്തുമെന്ന് ആരാധകർ; ‘ഹൗസ്ഫുൾ 5’ ഇന്ന് മുതൽ
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.
അതേസമയം, മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയാണ് തഗ് ലൈഫ് എന്നാണ് കമന്റുകൾ. സിനിമയുടെ ആദ്യ പകുതി തരക്കേടില്ലെന്നും എന്നാൽ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നുമാണ് കമന്റുകൾ. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയാണ് തഗ് ലൈഫെന്നും നായകന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഇതിലും മികച്ച സിനിമയായിരുന്നു പ്രതീക്ഷിച്ചതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.