തനിക്കെതിരായ കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജമെന്ന് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു. ഹണി ട്രാപ്പിനുള്ള ശ്രമമാണ് നടന്നത്. പണം നൽകാതായതോടെയാണ് യുവതി പരാതി നൽകിയതെന്നും ദിനിൽ ബാബു ആരോപിച്ചു. യുവതി തന്നെ വിളിക്കുക ആയിരുന്നുവെന്നും രണ്ട് ദിവസം പണം ആവശ്യപ്പെട്ടെന്നും ദിനിൽ ബാബു വിശദീകരിക്കുന്നു. വേഫാറെർ കമ്പനിക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നുവെന്ന് ദിനിൽ ബാബു പറഞ്ഞു. പരാതിക്കാരിക്ക് പിന്നിൽ മറ്റുചിലർ ഉണ്ടെന്നും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും ദിനിൽ ബാബു വ്യക്തമാക്കി.
വേഫെറർ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം സംസാരിക്കാനായി നേരിട്ട് കാണാമെന്നും പറഞ്ഞ് ദിനിൽ ബാബു വിളിച്ചെന്നും പനമ്പിള്ളി നഗറിൽ ഉള്ള വേഫെററിന്റെ ഓഫീസിനടുത്തുള്ള ഒരു കെട്ടിടത്തിൽ വിളിച്ച് വരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. ദിനിൽ ബാബു ഒരു മുറിയിലേക്ക് കൊണ്ടുപോയി അടച്ചിട്ടു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതി. അതേസമയം ദിനിൽ ബാബുവിനെതിരെ വേഫെറർ ഫിലിംസ് നിയമനടപടി സ്വീകരിച്ചു. ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. കാസ്റ്റിങ് കൗച്ചിന്റെ പേരിൽ വേഫെറർ ഫിലിംസിനെ അപകീർത്തിപ്പെടുത്തിയതിനാണ് ദിനിൽ ബാബുവിനെതിരെ പരാതി നൽകിയത്.




