അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ‘തലവര’ എന്ന ചിത്രത്തിലെ നായകനായ അർജുൻ അശോകന്റെ പ്രകടനത്തെ പ്രശംസിച്ച് നടി മംമ്ത മോഹൻദാസ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റ് വിജയങ്ങൾക്കിടയിലും ശ്രദ്ധ ആകർഷിക്കുമെന്ന് മംമ്ത അഭിപ്രായപ്പെട്ടു. ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖിൽ അനിൽകുമാറിനും മംമ്ത അഭിനന്ദനം അറിയിച്ചു.
‘തലവര ചെയ്യാൻ തിരഞ്ഞെടുത്തതിന് അർജുൻ അശോകന് നന്ദി. ഒട്ടുമിക്ക ആളുകൾക്കും വിരസവും ബന്ധമില്ലാത്തതുമായി തോന്നാവുന്ന ഒരു പ്രശ്‌നമാണിത്. ഇത് ലളിതവും രസകരവുമായി അവതരിപ്പിച്ച, ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെ ഒരുക്കിയ അരങ്ങേറ്റ ചിത്രത്തിന് സംവിധായകൻ അഖിൽ അനിൽകുമാറിനും അഭിനന്ദനങ്ങൾ. ശരീരത്തിൽ ഭാഗികമായോ പൂർണ്ണമായോ നിറം നഷ്ടപ്പെടുന്ന, വ്യക്തിപരമെന്ന് തോന്നുമെങ്കിലും സാധാരണ ജീവിതത്തെ താറുമാറാക്കുന്ന ഈ അവസ്ഥയായ വിറ്റിലിഗോ ഉള്ള ആർക്കും അല്ലെങ്കിൽ അത്തരത്തിൽ ഒരാളെ സ്നേഹിക്കുന്ന ആർക്കും ജ്യോതിഷിന്റെ അനുഭവങ്ങൾ വ്യക്തിപരമായി തോന്നും’, മംമ്ത മോഹൻദാസ് പറഞ്ഞു.
‘ജീവിതത്തെ നേരിടാൻ വിറ്റിലിഗോ ഉള്ള ഒരാൾ മാനസികമായി തയ്യാറെടുക്കേണ്ടി വരുന്ന വ്യക്തിപരമായ, വൈകാരികമായ, പ്രത്യേകിച്ചും മാനസികമായ വെല്ലുവിളികളെ ഉയർത്തിക്കാട്ടുന്ന, വേദനാജനകമെങ്കിലും ശക്തമായ ഒരു കഥയാണ് അഖിൽ മനോഹരമായി കോർത്തിണക്കിയത്. നമ്മുടെ ഇടയിൽ ജീവിക്കുന്ന എല്ലാ ‘പാണ്ട’കൾക്കും കൂടുതൽ ശക്തിയുണ്ടാവട്ടെ’, മംമ്ത മോഹൻദാസ് കുറിച്ചു.