അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതുമായുള്ള ചില അനുഭവങ്ങൾ അനുരാഗ് സിംഗ് കശ്യപ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നിശാശ്ചി എന്ന ചിത്രം 2016ൽ ആദ്യം അനൗൺസ് ചെയ്തപ്പോൾ സുശാന്ത് ആയിരുന്നു നായകൻ എന്നും എന്നാൽ പിന്നീട് നടൻ ചിത്രത്തിൽ നിന്നും പിന്മാറിയെന്നുമാണ് അനുരാഗ് കശ്യപ് പറയുന്നത്.
ബോളിവുഡിലെ മുൻനിര നിർമാതാക്കളായ ധർമ പ്രൊഡക്ഷൻസിന്റെ രണ്ട് ചിത്രങ്ങളിലേക്ക് അവസരം ലഭിച്ചതിന് പിന്നാലെയാണ് തന്റെ ചിത്രത്തിൽ നിന്നും സുശാന്ത് സിംഗ് പിന്മാറിയതെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു. ‘വർഷങ്ങൾക്ക് മുൻപ് സുശാന്തിനെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രമായിരുന്നു നിശ്ചാചി. എന്നാൽ ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന ദിൽ ബേച്ചാരാ, ഡ്രൈവ് എന്നീ സിനിമകളിലേക്ക് അവസരം ലഭിച്ചതോടെ സുശാന്ത് എന്റെ കോളുകളോട് റെസ്‌പോണ്ട് ചെയ്യാതെയായി. അതോടെ ഞാനും പിന്മാറി.
ഹസേ തോ ഫസേ എന്ന ചിത്രത്തിൽ നിന്ന് സുശാന്ത് പിന്മാറിയതും സമാനമായ സാഹചര്യത്തിലായിരുന്നു. അന്ന് യഷ് രാജ് ഫിലിംസിന്റെയും ധർമ പ്രൊഡക്ഷൻസിന്റെയും ഓഫറുകൾ വന്നു. യഷ് രാജ് ഫിലിംസിന്റെ വാലിഡേഷൻ വേണമെന്ന് സുശാന്തിന് തോന്നിക്കാണണം,’ അനുരാഗ് കശ്യപ് പറയുന്നു. തനിക്ക് സുശാന്തിനോട് വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.
അതേസമയം, സെപ്റ്റംബർ 19നാണ് നിശ്ചാചി തിയേറ്ററുകളിലെത്തുന്നത്. വിനീത് കുമാർ സിംഗ് നായകനാകുന്ന ചിത്രത്തിൽ മുഹമ്മദ് അയൂബ്, കുമുദ് മിശ്ര, വേദിക പിന്റോ, മോണിക പവാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.