ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആരാധകരേറെയാണ് ബിഗ്ബിക്ക്. വാർധക്യത്തിനോടടുത്തെങ്കിലും അതൊന്നും തന്റെ അഭിനയത്തിനെ ബാധിച്ചിട്ടില്ല. അടുത്തിടെയാണ് അദ്ദേഹം തന്റെ ഏറെ പ്രശംസ നേടിയ ടെലിവിഷൻ ഗെയിം ഷോയായ കോൻ ബനേഗ ക്രോർപതി (കെ.ബി.സി) യുടെ പതിനേഴാം പതിപ്പ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ വാർധക്യത്തിന്റെ അനിവാര്യതയെക്കുറിച്ച് തന്റെ ബ്ലോഗിൽ എഴുതിയിരിക്കുകയാണ് അമിതാഭ് ബച്ചൻ. ദൈനംദിന ജീവിതത്തിന്റെ ഭാഗങ്ങൾ വരെ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നുമാണ് താരം തന്റെ പുതിയ ബ്ലോഗിൽ എഴുതിയിരിക്കുന്നത്.
മുമ്പ് അനായാസം ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ കഴിയുന്നില്ലന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇടക്കിടെ ബാലൻസ് കിട്ടാതെ വരുന്നതിനാൽ തന്റെ ഔദ്യോഗിക വസതിയായ ജൽസയിൽ സപ്പോട്ടിങ് ഹാൻഡിലുകൾ പിടിപ്പിക്കേണ്ടി വന്നെന്നും അദ്ദേഹം പറയുന്നു. ചില സാധാരണ ജോലികൾ ചെയ്യാനുള്ള തന്റെ ശാരീരിക ശേഷി കുറയുന്നതിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ ദിനചര്യകളിൽ മരുന്നുകൾക്കും പ്രധാന സ്ഥാനമുണ്ട്. ചില പ്രവർത്തികൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചെയ്തതിനാൽ അവ വീണ്ടും ആരംഭിക്കാൻ എളുപ്പമായിരിക്കുമെന്ന് നമുക്ക് തോന്നും. എന്നാൽ യാഥാർത്യം അങ്ങനെയല്ല. ഒരു ദിവസത്തെ ഇടവേള മതി വേദനയും ചലനശേഷിക്കുറവും കാരണം അവ പ്രയാസമാകുന്നു.
മുമ്പ് അനായാസം ചെയ്തിരുന്ന പ്രവൃത്തികൾ ഇപ്പോൾ ചെയ്യുന്നതിന് മുമ്പ് ചിന്തിക്കേണ്ടി വരുന്നത് അത്ഭുതകരമാണ്. പാന്റ്സ് ധരിക്കുന്നത് പോലുള്ള ലളിതമായ പ്രവൃത്തികൾ വരെ അതിൽ ഉൾപ്പെടുന്നു. ഡോക്ടർമാർ ഉപദേശിക്കുന്നത്, ‘ദയവായി മിസ്റ്റർ ബച്ചൻ, ഇരിന്ന് അവ ധരിക്കൂ. നിങ്ങൾ അവ ധരിക്കുമ്പോൾ നിൽക്കാൻ ശ്രമിക്കരുത്… നിങ്ങൾക്ക് ബാലൻസ് നഷ്ടപ്പെട്ട് വീഴാൻ സാധ്യതയുണ്ട്.’ അവ ശരിയാണെന്ന് ഞാൻ ഉൾക്കൊളളുന്നത് വരെ അവിശ്വാസത്തോടെ പുഞ്ചിരിക്കുന്നു.എന്റെ ആരാധകർ ആരും ഈ അവസ്ഥയിലൂടെ കടന്ന് പോകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ യാഥാർഥ്യം അതല്ല. ഈ അവസ്ഥയിലൂടെ കടന്ന് പോകൽ അനിവാര്യമാണ് എന്നതാണ് വാസ്തവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതാഭ് ബച്ചൻ അവസാനമായി അഭിനയിച്ചത് 2024 ൽ നാഗ് അശ്വിന്റെ കൽക്കി 2898 എ.ഡിയിലാണ്. രജനീകാന്തിന്റെ വേട്ടൈയനിലും അദ്ദേഹം ഒരു അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നു. റിബു ദാസ് ഗുപ്തയുടെ സെക്ഷൻ 84 താരം അടുത്തതായി അഭിനയിക്കുന്ന ചിത്രം.