ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമ ചെയ്യാൻ തനിക്ക് പ്രചോദനമായ സിനിമയുടെയും നോവലിന്റെയും ചിത്രം പങ്കുവെച്ച് സംവിധായകൻ അൽത്താഫ് സലിം. റിലീസ് ചെയ്തപ്പോൾ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ എത്തിയതിന് ശേഷം മികച്ച അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. 2022ൽ പുറത്തിറങ്ങിയ ‘ചാ ചാ റിയൽ സ്മൂത്ത്’ എന്ന സിനിമയും എം ആൻഡ് ദി ബിഗ് ഹൂം’ എന്ന നോവലുമാണ് ഈ സിനിമയുടെ പ്രചോദനം എന്നാണ് ഇപ്പോൾ സംവിധായകൻ പറയുന്നത്.
ഏറെ നാളുകൾക്ക് ശേഷമാണ് അൽത്താഫ് സലിം സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തെക്കുറിച്ച് പോസ്റ്റ് ഇടുന്നത്. തിയേറ്ററിൽ വലിയ വിജയം നേടാതെ പോയ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ ഒരുപാട് പ്രേക്ഷകർക്ക് ചിത്രം കണക്ട് ആയെന്ന് ഒരു പൊതു അഭിപ്രായം ഉണ്ടായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സംവിധാനം ചെയ്ത സിനിമയാണിത്. വലിയ പ്രതീക്ഷയോടെ തിയേറ്ററിൽ എത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.
നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ സിനിമ ലഭ്യമാവും. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ, രണ്ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജ് നിർവ്വഹിക്കുന്നു. സംഗീതം ജെസ്റ്റിൻ വർഗ്ഗീസ്, എഡിറ്റിംഗ് അഭിനവ് സുന്ദർ നായിക്, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ അശ്വനി കലേ, മേക്കപ്പ് റോണക്സ് സേവ്യർ.




