തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് രാവണപ്രഭു. ദിവസങ്ങൾ കഴിഞ്ഞിട്ടും സിനിമയുടെ തിരക്കിന് തെല്ലും കുറവൊന്നുമില്ല. ഓരോ ഡയലോഗിനും പാട്ടുകൾക്കുമൊത്ത് ചുവടുവെക്കുന്ന ആരാധകരെ വീഡിയോയിൽ കാണാനാകും. റീലീസ് ചെയ്ത ഇതുവരെ സിനിമ ബോക്സ് ഓഫീസിൽ നിന്നും നേടിയത് നാലു കോടിയിലധികമാണ്. ഇപ്പോഴിതാ വീണ്ടും റീ റിലീസായി തിയേറ്ററിൽ എത്തിയ മോഹൻലാലിൻറെ അഞ്ചു ചിത്രങ്ങളും നാലു കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാവണപ്രഭു കൂടാതെ സ്ഫടികം, മണിചിത്രത്താഴ്, ദേവദൂതൻ, ഛോട്ടാ മുംബൈ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ റീ റിലീസിന് തിയേറ്ററുളികളിൽ എത്തിയിരുന്നു. ഭദ്രന് ഒരുക്കിയ സ്ഫടികം പുത്തന്‍ സാങ്കേതിക മികവോടെ തിരിച്ചെത്തിയപ്പോള്‍ ആദ്യ ദിനം 77 ലക്ഷമായിരുന്നു നേടിയത്.
ഏകദേശം 4 കോടിയോളമാണ് സിനിമ റീറിലീസില്‍ തിയേറ്ററില്‍ നിന്നും വാരിക്കൂട്ടിയത്. 2023 ഫെബ്രുവരി 9 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയിരുന്നത്. മികച്ച വരവേൽപ്പായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. ആദ്യത്തെ റിലീസില്‍ ബോക്സ് ഓഫീസില്‍ വേണ്ട വിധത്തില്‍ ശ്രദ്ധിക്കാതെ പോകുകയും എന്നാല്‍ പിന്നീട് പ്രേക്ഷക പ്രിയങ്കരമാകുകയും ചെയ്ത സിനിമയാണ് സിബി മലയില്‍ സംവിധാനം ചെയ്ത ദേവദൂതന്. 2024 ജൂലൈ 26ന് നടത്തിയ രണ്ടാം വരവില്‍ ഗംഭീര അഭിപ്രായമാണ് നേടിയത്. ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു സിനിമയുടെ കളക്ഷൻ. 5.40 കോടിയാണ് ആഗോളതലത്തില്‍ സിനിമയുടെ ഫൈനല്‍ കളക്ഷന്‍. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനല്‍ റീ റിലീസ് കളക്ഷന്‍ 4.71 കോടിയാണ്. ഛോട്ടാ മുംബൈയാകട്ടെ ആദ്യ ദിനം മുതലേ തിയേറ്ററുകളെ പൂരപ്പറമ്പാക്കി.
ആദ്യ ദിവസം 40 ലക്ഷത്തോളമാണ് ഛോട്ടാ മുംബൈ നേടിയത്. മോഹന്‍ലാലിന്റെ ഇതുവരെ വന്ന റീറിലീസുകളില്‍ ഫാന്‍സ് തിയേറ്ററുകളില്‍ വന്ന് ഏറ്റവും ആഘോഷമാക്കിയ ചിത്രം ഛോട്ടാ മുംബൈ ആയിരുന്നു. കൊച്ചിയിലെ തിയേറ്ററുകളില്‍ നിന്നുള്ള വീഡിയോസ് സോഷ്യല്‍ മീഡിയയിലെമ്പാടും വൈറലായിരുന്നു. 3.78 കോടിയാണ് സിനിമയുടെ ഫൈനല്‍ നേട്ടം. വരും ദിവസങ്ങളിൽ ഈ റെക്കോർഡുകൾ രാവണപ്രഭു തകർക്കുമോ എന്നറിയാനാണ് ആരാധകർ ഉറ്റു നോക്കുന്നത്. മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്.




