ഓർത്തുവെക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) ആണ് അലക്സ് പോൾ സംവിധാനം ചെയ്യുന്ന ചിത്രം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ സംരംഭത്തിനായുള്ള ഒരുക്കത്തിലായിരുന്നു അലക്സ് പോൾ.
കഥയിലും, അഭിനയ രംഗത്തും സാങ്കേതികരംഗത്തും ഏറെ പുതുമകൾ നൽകിക്കൊണ്ടാണ് ചിത്രത്തിന്‍റെ അവതരണം. പാൻ ഇൻഡ്യൻ മൂവിസിന്‍റെ ബാനറിൽ അഡ്വ.ബിനു, ജയകുമാർ എന്നിവർ നിർമിക്കുന്ന ചിത്രം ഒരുപാൻ ഇൻഡ്യൻ സിനിമയായി ഇൻഡ്യയിലെ വിവിധ ഭാഷകളിലായിട്ടാണ് അവതരിപ്പിക്കുന്നത്.
കാമ്പസ് ഹൊറർ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. പോപ്പുലർ സിനിമകളായ സലാർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കാർത്തികേയദേവ് ആണ് ചിത്രത്തിലെ നായകൻ. എമ്പുരാനിൽ പ്രഥ്വിരാജിന്‍റെ ചെറുപ്പം അവതരിപ്പിച്ചത് കാർത്തികേയദേവാണ്. വിൻസിറ്റയാണു നായിക.
സിദ്ദിഖ്, ലാൽ, ജോണി ആന്‍റണി, ജോയ് മാത്യൂ,പ്രശസ്ത ബോളി വുഡ് നടൻ മകരന്ദ് ദേശ്പാണ്ഡെ, ലെന, അരിസ്റ്റോ സുരേഷ്, അവാനി രാജേഷ്, പ്രശസ്ത യൂട്യൂബറും, മീഡിയ ഇൻഫ്ളുവൻസറും, ഗായികയും, ഡാൻസറുമായ തെരേസാ എമ്മ ബ്രിജിത്ത്, ഹരി പത്തനാപുരം എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.