ബേർഡ്മാൻ, ദി റെവനന്റ് എന്നീ ചിത്രങ്ങളിലൂടെ 2015, 2016 വർഷങ്ങളിൽ തുടർച്ചയായി മികച്ച സംവിധായകനായുള്ള ഓസ്കർ പുരസ്കാരം നേടിയ മെക്സിക്കൻ-അമേരിക്കൻ സംവിധായകൻ അലെജാന്ദ്രോ ഇൻഹെരിറ്റു ഒരു സിനിമയുമായി ബന്ധപ്പെട്ട് തന്നെ സമീപിച്ചിരുന്നുവെന്ന് ഫഹദ് ഫാസിൽ. ഓടും കുതിര ചാടും കുതിര എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തൽ. “തന്റെ പുതിയ ചിത്രത്തിൽ ഒരു വേഷം ചെയ്യാനായി ഇൻഹെരിറ്റു എന്നെ സമീപിച്ചിരുന്നു, വീഡിയോ കോളിലൂടെ ഞങ്ങൾ സംസാരിച്ചു. എന്റെ ഇംഗ്ലീഷ് ആക്സന്റ് ആയിരുന്നു പ്രശ്നം. അതിനായി 4 മാസത്തോളം അമേരിക്കയിൽ താമസിച്ച് ആക്സന്റ് പരിശീലിക്കാൻ അദ്ദേഹം നിർദ്ദേശിക്കുകയായുണ്ടായി. അതിനായി പ്രത്യേകിച്ച് പ്രതിഫലവുമില്ലായിരുന്നു. ആക്സന്റിന് വേണ്ടി നാല് മാസം ചിലവഴിക്കാനും മാത്രം ഒരു ഫയർ എനിക്ക് അതിൽ തോന്നാത്തതിനാൽ ഞാൻ ആ ചിത്രം ഉപേക്ഷിച്ചു” ഫഹദ് ഫാസിൽ പറയുന്നു.
അലെജാന്ദ്രോ ഇൻഹെരിറ്റു അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് മിഷൻ ഇംപോസിബിളിന് ശേഷം ആഗോള ആക്ഷൻ ഇതിഹാസം ടോം ക്രൂസ് നായകനാകുന്ന പേരിടാത്ത ചിത്രമാണ്. ടോം ക്രൂസിനൊപ്പം സാന്ദ്ര ഹ്യുല്ലർ, ജോൺ ഗുഡ്മാൻ, സോഫി വൈൽഡ്, റിസ് അഹ്മദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ അലെജാന്ദ്രോ ഇൻഹെരിറ്റുവും ടോം ക്രൂസും ഒന്നിക്കുന്ന ചിത്രത്തിൽ നിന്ന് തന്നെയാണോ ഫഹദ് ഫാസിൽ പിന്മാറിയതെന്നത് അവ്യക്തമാണ്. അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയിൽ ഫഹദ് ഫാസിലിനൊപ്പം കല്യാണി പ്രിയദർശനും പ്രധാന വേഷത്തിലെത്തും. ചിത്രം ഓണം റിലീസാണ്.