സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരണവുമായി നടന്‍ അജു വര്‍ഗീസ്. ഇടപെടേണ്ടത് അധികാര സ്ഥാനത്തിലുള്ളവര്‍ ആണെന്നും ലഹരി ആര് ഉപയോഗിച്ചാലും അത് തെറ്റാണ് എന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട സംവിധായകരെ താരങ്ങള്‍ പിന്തുണച്ചതിനെക്കുറിച്ച് അറിയില്ലെന്നും അജു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസില്‍ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി അറസ്റ്റിലാകുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും അഞ്ച് ഗ്രാം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഹിൽപാലസ് പൊലീസാണ് ഫ്ലാറ്റിൽ പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്ത വേടൻ കഞ്ചാവ് ഉപയോഗിച്ചതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിനിടെയാണ് പുലിയുടെ പല്ല് പിടിപ്പിച്ച ലോക്കറ്റ് വേടനിൽ നിന്ന് കണ്ടെത്തിയത്.
ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരും കൊച്ചിയില്‍ അറസ്റ്റിലായിരുന്നു. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ഇവരുടെ സുഹൃത്തും പിടിയിലായിട്ടുണ്ട്.