CelebrityChithrabhoomi

കടം വീട്ടാനായി മാത്രം സിനിമയിൽ അഭിനയിച്ചു; അജിത് സൂപ്പർ സ്റ്റാർ ആയതിന് പിന്നിലെ കഥ

നടൻ വിജയ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനും അജിത്. പലപ്പോഴും അജിത്തിന്റെ ലളിതമായ ജീവിതശൈലിയും ആരാധകർക്കിടയിൽ ചർച്ചയായി മാറാറുണ്ട്. ​ഗുഡ് ബാഡ് അ​ഗ്ലിയാണ് അജിത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പ്രേക്ഷകർക്കിടയിൽ ചിത്രം മികച്ച അഭിപ്രായം നേടുകയും ചെയ്തു. ഇന്ന് അജിത്തിന്റെ 54 -ാം ജന്മദിനം കൂടിയാണ്. സോഷ്യൽ മീഡിയയിലൂടെ അജിത്തിന് പിറന്നാൾ ആശംസ നേരുന്നതിന്റെ തിരക്കിലാണിപ്പോൾ ആരാധകർ. ഇപ്പോഴിതാ അജിത്തിന്റെ ഒരു അഭിമുഖം ആരാധകരേറ്റെടുത്തിരിക്കുകയാണ്. രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിന് പിന്നാലെ അജിത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണിപ്പോൾ വൈറലാകുന്നത്.

താൻ ഒരിക്കലും പ്ലാൻ ചെയ്ത് സിനിമയിൽ എത്തിയ ആളായിരുന്നില്ല എന്നും കടം വീട്ടാൻ വേണ്ടിയാണ് സിനിമയിൽ അഭിനയിച്ചതെന്നും പറയുകയാണ് അജിത്. അഭിനയം തന്റെ ബാല്യകാല സ്വപ്നമോ ജീവിത ലക്ഷ്യമോ ആയിരുന്നില്ലെന്നും അജിത് കൂട്ടിച്ചേർത്തു. “ആദ്യകാലത്ത് ഒരു തെലുങ്ക് സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എനിക്ക് ആ ഭാഷ സംസാരിക്കാൻ അറിയില്ല. പക്ഷേ ഞാൻ‌ അത് ചെയ്യാൻ തീരുമാനിച്ചു. നമ്മുടെ കുടുംബത്തിൽ നിന്ന് ആരും സിനിമാ മേഖലയിൽ ഇല്ല എന്നാണ് അച്ഛനും അമ്മയും അന്ന് എന്നോട് പറഞ്ഞത്. ‘ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം. പക്ഷേ അഭിനയിക്കാൻ താല്പര്യമുള്ള ആളുകൾ, എനിക്ക് വന്ന ഈ അവസരം ഞാൻ നിരസിച്ചു എന്ന് അറിയുമ്പോൾ എന്തായിരിക്കും പറയുക. അവർക്ക് അതിൽ എത്ര മാത്രം ദേഷ്യമുണ്ടാകും’ എന്ന് ഞാൻ അവരോട് തിരിച്ചു ചോദിച്ചു”.- അജിത് പറഞ്ഞു.

ജീവിതം നമുക്ക് മുന്നിൽ തുറന്നു തരുന്ന അവസരം ഉപയോഗിക്കാതിരിക്കുന്നത് പാപം ആണെന്നും അജിത് വ്യക്തമാക്കി. “അന്നൊക്കെ ഞാനൊരു നിഷ്കളങ്കനായിരുന്നു. മുൻപ് ഒരഭിമുഖത്തിൽ അഭിനയത്തിലേക്ക് വരാനുണ്ടായ കാരണത്തേക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചിരുന്നു. ‘എന്റെ ബിസിനസ് പൊട്ടിത്തകർന്നു. അതുകൊണ്ട് എനിക്ക് കുറച്ച് കടബാധ്യതയുണ്ടായി. ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്ത് ആ കടം വീട്ടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ഞാൻ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു’. എന്റെ മറുപടി കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നു പോയി”. – അജിത് വ്യക്തമാക്കി.

പണം മാത്രമായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തോടും അജിത് പ്രതികരിച്ചിരുന്നു. “എത്ര പേർക്ക് കടം തിരിച്ച് വീട്ടണമെന്ന് ആ​ഗ്രഹമുണ്ടാകും?. അപ്പോൾ, ഇരുട്ടിലേക്ക് അല്ലെങ്കിൽ‌ ഒന്നും അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു ചാടാൻ ഞാനെടുത്ത തീരുമാനത്തെ നിങ്ങൾ എന്തുകൊണ്ട് അഭിനന്ദിക്കുന്നില്ല?”.- അജിത് ചോദിച്ചു. ഭാഷ സംസാരിക്കാൻ അറിയാതിരുന്നതിനാൽ ആ വേഷം തനിക്ക് ലഭിച്ചില്ലെന്നും അജിത് കൂട്ടിച്ചേർത്തു.
“എന്റെ ആദ്യത്തെ ചില സിനിമകളൊക്കെ കണ്ടാൽ ഞാനൊരു ഭയങ്കര നടനായി തോന്നും. തമിഴിൽ പോലും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു. എന്റെ ഇം​ഗ്ലീഷ് ഉച്ചാരണം പോലും വലിയതോതിൽ വിമർശിക്കപ്പെട്ടു. ഇപ്പോഴും മിമിക്രി താരങ്ങൾ എന്റെ പഴയകാലത്തെ കാര്യങ്ങളൊക്കെ അനുകരിക്കാറുണ്ട്”. – അജിത് തന്റെ തുടക്ക കാലത്തെക്കുറിച്ച് പറഞ്ഞു.വിമർശനങ്ങളിലൂടെ തളരുകയല്ല മറിച്ച് കൂടുതൽ മെച്ചപ്പെടാനാണ് താൻ ശ്രമിച്ചതെന്നും അജിത് വ്യക്തമാക്കി.

“ഞാൻ കൂടുതൽ പ്രവർത്തിച്ചു, എന്റേതായ രീതിയിൽ ജോലി ചെയ്തു. എന്റെ തമിഴിലും അതുപോലെ മറ്റിടങ്ങളിലും ഞാൻ പ്രവർത്തിച്ചു. കരിയറിൽ ഞാൻ എപ്പോഴും ആത്മാർഥതയും സത്യസന്ധതയും പുലർത്തിയിരുന്നു. ചില കാര്യങ്ങൾ വിധിക്കപ്പെട്ടതാണ് എങ്കിലും.
ഈ ദിവസം നിങ്ങൾ ജീവിക്കുക, സത്യസന്ധമായി ജോലി ചെയ്യുക. പ്രശസ്തനാകാനോ അല്ലെങ്കിൽ പ്രശസ്തി ആഗ്രഹിച്ചോ അല്ല ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നത്. എന്റെ കടങ്ങൾ വീട്ടാൻ എനിക്ക് പണം വേണമായിരുന്നു”.- അജിത് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button