അജിത്കുമാറിന് സിനിമയോട് ഉള്ള സ്നേഹം പോലെ പ്രിയപ്പെട്ടതാണ് കാർ റേസിങും. സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിംഗ് മത്സരത്തിൽ താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നടനെ കാണാനായി തടിച്ചുകൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. നിലവിൽ കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയാണ് അജിത്ത്.
സ്പെയിനിലെ റേസിംഗ് സർക്യൂട്ടിൽ അജിത്ത് എത്തിയപ്പോൾ അദ്ദേഹം തടിച്ചുകൂടിയ ആരാധകരെ നോക്കി പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഇതിനിടെ ആരോ ഒരാൾ ഉച്ചത്തിൽ വിസിലടിച്ചു. ഇതുകേട്ട അജിത്ത് ഉടൻതന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആരാധകരുടെ പെരുമാറ്റം നിയന്ത്രിച്ചതിന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.
ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’ ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്. ഒരു പുതിയ സിനിമയിൽ ഒപ്പുവെച്ചതായി അജിത് അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.




