Interview

നടി ഭാനുപ്രിയയുടെ ജീവിതത്തിൽ സംഭവിച്ചത്; മറ്റാർക്കും ഇങ്ങനെയൊരവസ്ഥ വരാതിരിക്കട്ടെ

മനോഹരമായ കണ്ണുകൾ കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ കലാകാരിയാണ് ഭാനുപ്രിയ. മമ്മൂട്ടിയുടെ അഴകിയ രാവണൻ അടക്കം നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങി. തന്റെ നൃത്തം കൊണ്ടും അഭിനയ സിദ്ധികൊണ്ടും വളരെ മനോഹരമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഭാനുപ്രിയ എന്ന നടിയുടെ ജീവിതത്തിലെ അധികമാർക്കും അറിയാത്ത ചില സംഭവങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

ഭാനുപ്രിയ ഇന്നൊരു ‘വീണപൂവാണെന്ന്’ ആലപ്പി അഷ്റഫ് പറയുന്നു. പഠനകാലത്ത് തന്നെ ഭാനുപ്രിയ സിനിമയിലെത്തി. മങ്ക ഭാനു എന്ന ഭാനുപ്രിയ തമിഴ് സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് അടക്കമുള്ള ഭാഷകളിൽ നൂറ്റമ്പതിലധികം ചിത്രങ്ങളിലഭിനയിച്ചു. മറവി രോഗത്തിനടിമപ്പെട്ടെന്ന സത്യം അവർ ഒരു തെലുങ്ക് മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. അഭിനയിക്കാൻ ചെല്ലുമ്പോൾ ഡയലോഗ് മറന്നുപോകുന്നുവെന്ന് നടി വ്യക്തമാക്കി.

‘ഭാനുപ്രിയ ചാനലിനോട് പറഞ്ഞ കാര്യങ്ങൾ പോലും ഇപ്പോൾ മറന്നുപോയിരിക്കാം. അവർക്കിപ്പോൾ നൃത്തം ചെയ്യാൻ സാധിക്കില്ല. നൃത്തച്ചുവടുകളെല്ലാം മറന്നുപോയി. ശ്രീവിദ്യയെപ്പോലെ തന്നെ നൃത്ത വിദ്യാലയം ആരംഭിക്കണമെന്ന് അവരും ആഗ്രഹിച്ചിരുന്നു. എന്നാൽ ഇവർ രണ്ടുപേരുടെയും ആഗ്രഹങ്ങൾ ഏതാണ്ട് പൊലിഞ്ഞുപോയതുപോലെയാണ്.

ഭാനുപ്രിയ സിനിമയിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് അമേരിക്കയിലെ കാലിഫോർണിയയിലെ ഡിജിറ്റൽ എഞ്ചിനിയറായ ആദർശ് കൗശലിനെ വിവാഹം കഴിക്കുന്നത്. അമേരിക്കയിൽ സെറ്റിൽഡായി. ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് അമേരിക്കയിൽ നിന്ന് തിരിച്ചുവന്ന് അഭിനയരംഗത്തേക്കിറങ്ങി. അവർ ഭർത്താവുമായി പിരിഞ്ഞുവന്നിരിക്കുകയാണെന്ന അഭ്യൂഹം പടർന്നിരുന്നു. തങ്ങൾ വേർപിരിഞ്ഞില്ലെന്ന് അവർ തന്നെ വെളിപ്പെടുത്തി. പരസ്പരം അകന്നുനിന്നപ്പോൾ അദ്ദേഹം മരണപ്പെടുകയാണുണ്ടായതെന്ന് ഭാനുപ്രിയ വ്യക്തമാക്കി. ആ വാർത്ത മാനസികമായി തളർത്തിയെന്നും നടി പറഞ്ഞിരുന്നു.

പിന്നീട് അമ്മയോട് പിണങ്ങിയ അവർ വീടുവിട്ടിറങ്ങി. അന്ന് അവർക്ക് അഭയം നൽകിയത് എവിഎം സ്റ്റുഡിയോ ആയിരുന്നു. താമസിക്കാൻ ഒരു അപ്പാർട്ട്‌മെന്റും സീരിയലിൽ വർഷങ്ങളോളം അഭിനയിക്കാൻ അവസരവും കൊടുത്തു. ഭാനുപ്രിയയുടെ മകൾ ലണ്ടനിൽ ഗവേഷക വിദ്യാർത്ഥിയാണ്. ഭാനുപ്രിയയ്ക്ക് സഹോദരനും അനുജത്തിയുമുണ്ട്. പിന്നീട് അമ്മയും മക്കളുമെല്ലാം ഒന്നായി. ഉന്നതിയിൽ നിൽക്കുമ്പോഴും എളിമയോടെയായിരുന്നു ഭാനുപ്രിയയുടെ പെരുമാറ്റം.’- ആലപ്പി അഷ്റഫ് പറഞ്ഞു. ‘ഓർമകളുടെ തന്മാത്രകൾ മാഞ്ഞു പോവുകയാണോ ? ആർക്കും ഇങ്ങനെ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button