ഈച്ച എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ സ്ഥാനംപിടിച്ച നടനാണ് കിച്ച സുദീപ്. തന്റെ സിനിമായാത്രയെക്കുറിച്ചും മുടങ്ങിപ്പോയ ആദ്യ സിനിമ’കളെക്കുറിച്ചും മനസുതുറക്കുകയാണ് നടൻ. താൻ നായകനായി തുടങ്ങിയ കാലത്ത് തന്റെ പല സിനിമകളും മുടങ്ങിപോയിട്ടുണ്ടെന്നും വിക്രം ചിത്രം ‘സേതു’വിന്റെ കന്നഡ റീമേക്ക് ആണ് തനിക്ക് ബ്രേക്ക് നൽകിയതെന്നും കിച്ച സുദീപ് പറഞ്ഞു.
‘എന്റെ ആദ്യ സിനിമ ഷൂട്ടിംഗ് കംപ്ലീറ്റ് ആയില്ല. രണ്ടാമത്തെ സിനിമ പുറത്തിറങ്ങിയതേ ഇല്ല. മൂന്നാമത്തെ സിനിമ പൂർത്തിയായി പുറത്തിറങ്ങി പക്ഷെ പ്രേക്ഷകർ തിയേറ്ററിൽ വന്നില്ല. എങ്ങനെയാണ് ഇപ്പോഴും സിനിമയിൽ നിലനിൽക്കുന്നത് എന്ന ഫീൽ എനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നു. റിലീസായ ആദ്യ സിനിമ തിയേറ്ററിൽ എത്തിയപ്പോൾ കോർണർ സീറ്റുകൾ മാത്രമാണ് ബുക്ക് ആയത്. തിയേറ്ററിൽ ആരുമില്ലായിരുന്നു. കബ്ബൺ പാർക്ക് പോലെയായി എന്റെ സിനിമ. അതിന് ശേഷം തമിഴ് സിനിമ സേതുവിന്റെ കന്നഡ റീമേക്ക് ആണ് എനിക്ക് ബ്രേക്ക് നൽകിയത്’, സുദീപിന്റെ വാക്കുകൾ.
വിക്രമിനെ നായകനാക്കി ബാല ഒരുക്കിയ റൊമാന്റിക് ട്രാജഡി സിനിമയാണ് സേതു. നടൻ വിക്രമിന്റെ കരിയറിൽ വലിയ വഴിത്തിരിവായ സിനിമയാണ് ഇത്. ഇളയരാജ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ വിക്രമിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. അതേസമയം, വിജയ് കാർത്തികേയ സംവിധാനം ചെയ്യുന്ന മാർക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള സുദീപ് ചിത്രം. കിച്ച ക്രിയേഷൻസുമായി ചേർന്ന് സത്യജ്യോതി ഫിലിംസ് ആണ് മാർക്ക് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്. നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, റോഷ്‌നി പ്രകാശ് എന്നിവരാണ് മാർക്കിലെ മറ്റു അഭിനേതാക്കൾ.




