അബ്രഹാമിന്റെ സന്തതികൾ, മാർക്കോ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ നടൻ ആൻസൺ പോൾ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ വെച്ച് കുടുംബാംഗങ്ങളുടെയും വളരെ അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ തീർത്തും ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. മുൻപ് യുകെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ്സ് നടത്തി വരികയാണ്.
2013ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൺ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. 2015ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. 2018 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികൾ ആണ് ആൻസണിൻ്റെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ വേഷം. ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയനായ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ആൻസൺ അവതരിപ്പിച്ചത്. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയിലും ആൻസൺ പോൾ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. റാഹേൽ മകൻ കോര, ഗാംബ്ലര്‍ എന്നീ ചിത്രങ്ങളില്‍ നായകനായും എത്തിയിരുന്നു.