CelebrityNews

സഹോദരൻ നടത്തിയത് തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ, വിമർശനങ്ങൾക്ക് മറുപടിയുമായി ആമിർ ഖാനും കുടുംബവും

സഹോദരൻ ഫൈസൽ ഖാൻ തനിക്കും കുടുംബാംഗങ്ങൾക്കെതിരെയും ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ. ഫൈസലിന്റെ പ്രസ്താവനകൾ വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതുമാണെന്ന് ആമിറും കുടുംബവും പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഫൈസൽ ഖാൻ മുൻപും ഇത്തരത്തിലുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആമിർ തന്നെ മുറിയിൽ പൂട്ടിയിട്ടെന്നും തനിക്ക് ഭ്രാന്താണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചുവെന്നും ഫൈസൽ ഖാൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആമിർ ഖാൻ, അമ്മ സീനത്ത് താഹിർ ഹുസൈൻ, സഹോദരി നിഖത് ഹെഗ്‌ഡെ എന്നിവർ രംഗത്തെത്തിയത്.

ഫൈസലിന്റെ പരാമർശങ്ങൾ തങ്ങളെ ദുഃഖിതരാക്കി. ഒരു കുടുംബമെന്ന നിലയിലുള്ള ഐക്യം ഉറപ്പിക്കാനും സത്യസന്ധമായ കാര്യങ്ങൾ വ്യക്തമാക്കാനും ഈ സാഹചര്യത്തിൽ ആഗ്രഹിക്കുന്നുവെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. ഫൈസലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കുടുംബം ഒറ്റക്കെട്ടായാണ് എടുത്തിട്ടുള്ളതെന്നാണ് വിശദീകരണം. ഒന്നിലധികം മെഡിക്കൽ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഓരോ കാര്യവും തീരുമാനിച്ചത്. ഫൈസലിന്റെ വൈകാരികവും മാനസികവുമായ സുഖം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്നും കുടുംബം വ്യക്തമാക്കുന്നുണ്ട്.

കുടുംബാംഗങ്ങൾക്ക് വളരെയധികം വേദനയുണ്ടാക്കിയ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും മാധ്യമങ്ങൾ ഈ വിഷയത്തിൽ സമയോചിതമായി പെരുമാറണമെന്നും ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും കുടുംബം അറിയിച്ചു. ആമിർ ഖാനും ഫൈസൽ ഖാനും തമ്മിലുള്ള ബന്ധം വർഷങ്ങളായി അത്ര നല്ല രീതിയിലല്ല. ഇരുവരും ‘മേള’ എന്ന ഹിന്ദി ചിത്രത്തിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഫൈസൽ ഖാൻ നിലവിൽ കുടുംബത്തിൽനിന്ന് മാറി മുംബൈയിൽ ഒറ്റയ്ക്കാണ് താമസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button