സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് കാരണം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ വിജയ് ആരാധകർ മനപൂർവം പാർശക്തിയ്ക്ക് നെഗറ്റീവ് റിവ്യൂ നൽകുന്നുവെന്ന് ആരോപിക്കുകയാണ് നടനും സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ദേവ് രാംനാഥ് പ്രതികരിച്ചു. ‘നിങ്ങളുടെ സിനിമയ്ക്കൊപ്പം ഞങ്ങളുടേത് റിലീസ് ചെയ്യുന്നതുകൊണ്ട് മാത്രം ഞങ്ങളുടെ സിനിമയെ തകർക്കാൻ നിങ്ങള്‍ക്ക് അവകാശമില്ല.
റിലീസ് തീയതി ആദ്യം പ്രഖ്യാപിച്ചത് ഞങ്ങളാണ്. നിങ്ങളുടെ സിനിമയെ തടയാൻ ഞങ്ങൾ ശ്രമിച്ചോ? ഒരിക്കലുമില്ല. സെൻസർ പ്രശ്നങ്ങൾ മറികടക്കാൻ ചെന്നൈയിലും മുംബൈയിലുമുള്ള സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ഓഫീസുകളിൽ ഞാൻ ദിവസേന ഹാജരായിരുന്നു. നിങ്ങളുടെ ടീം നേരിട്ടതുപോലെ തന്നെയായിരുന്നു ഞങ്ങളും സെൻസർ തടസ്സങ്ങൾ നേരിട്ടത്. റിലീസിന് 18 മണിക്കൂറിന് മുമ്പാണ് ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് ലഭിച്ചത്. നെഗറ്റീവ് റിവ്യൂകൾ, പഴയ വീഡിയോകൾ ഉപയോഗിച്ച് പ്രചരണം, തീയേറ്ററുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കുക, ബുക്ക് മൈ ഷോ (BMS) റേറ്റിംഗുകൾ കൈകാര്യം ചെയ്യുക — ഇതൊന്നും മത്സരമല്ല. കഴിഞ്ഞ വർഷം ഒരു വലിയ സിനിമയോടും നിങ്ങൾ ഇതേ രീതിയിലാണ് പെരുമാറിയത്. ഒരു സിനിമാ പ്രേമിയായിട്ടാണ് ഞാൻ പറയുന്നത്: ഇത് നമ്മളാരുടെയും ആരോഗ്യകരമായ ഭാവിക്കു നല്ലതല്ല. പരാശക്തി ഒരു വിദ്യാർത്ഥി പ്രസ്ഥാനത്തെക്കുറിച്ചുള്ള സിനിമയാണ്. അതിൽ തമിഴ് ജനതയ്ക്ക് അഭിമാനം കൊള്ളാൻ കഴിയും. നമ്മുടെ വിദ്യാർത്ഥികൾ ചെയ്തതുപോലെ തന്നെ, ഞങ്ങളും ഇതിനെതിരെ പോരാടും,’ നടനും ക്രിയേറ്റീവ് പ്രൊഡ്യൂസറുമായ ദേവ് രാംനാഥ് പ്രതികരിച്ചു.
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനെതിരെ തമിഴ് നാട്ടിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്മാന് എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്ചേഴ്സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.




