ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു ആട്. തിയേറ്ററിൽ വിജയമാകാതെ പോയ ചിത്രത്തിന് ഡിജിറ്റൽ റിലീസിന് ശേഷം വലിയ ആരാധകരാണ് ഉണ്ടായത്. തുടർന്ന് സിനിമയ്‌ക്കൊരു രണ്ടാം ഭാഗവും സംഭവിച്ചു. ഇപ്പോഴിതാ സിനിമയുടെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയായിരിക്കുകയാണ്. പാക്ക് അപ്പ് ചിത്രം പങ്കിട്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ആട് 3 ഒരു ടൈം ട്രാവൽ ചിത്രമായിരിക്കുമെന്നാണ് ആദ്യം ഇറങ്ങിയ പോസ്റ്ററുകൾ നൽകുന്ന സൂചനകൾ.
ആടിന്റെ രണ്ടു ഭാഗങ്ങളിൽ ഒന്നാം ഭാഗം തിയേറ്ററിൽ വിജയമാകാതെ ഡിജിറ്റൽ റിലീസിന് ശേഷമാണ് വലിയ ആരാധകവൃന്ദം ഉണ്ടായത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 2018 , അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിർമ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാൻഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ നിർമ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. 22 ചിത്രങ്ങൾ ഇതിനു മുൻപ് നിർമ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23 മത്തെ ചിത്രമാണ് ആട് 3.
ഒരു എപിക്-ഫാന്റസി ചിത്രമായാകും ആട് 3 എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. മിഥുൻ തന്നെയാണ് ആട് 3 യുടെ തിരക്കഥ ഒരുക്കുന്നത്. സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. സിനിമ അടുത്ത വർഷം മാർച്ച് 19 ന് റീലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.




