ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച് തിയേറ്ററുകളിൽ വമ്പൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് ലോക. മലയാളത്തിലെ ആദ്യ മൂന്നൂറ് കോടി സ്വന്തമാക്കിയ ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പിന്നാലെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചർച്ചയാകുകയാണ്. സിനിമയുടെ രണ്ടാം ഭഗത്തിന്റെ ഷൂട്ടിംഗ് 2026 അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. 2027 ഓണം റിലീസായി ലോക 2 പുറത്തിറക്കാൻ ആണ് പ്ലാൻ എന്നും നിരവധി ട്വിറ്റർ ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ടൊവിനോ തോമസ് ആണ് ഈ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നത്. ടൊവിനോ അവതരിപ്പിക്കുന്ന ചാത്തനെ മുൻനിർത്തിയാണ് രണ്ടാം ഭാഗത്തിന്റെ കഥപറയുന്നത്. ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഒടിയനും ഈ രണ്ടാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ഓണം റിലീസായി എത്തിയ ചിത്രം 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ആഗോള ഗ്രോസർ ആയി മാറിയത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി.




