2025 മലയാള സിനിമയ്ക്ക് നല്ലൊരു വർഷമായി മാറിയിരിക്കുകയാണ്. വമ്പൻ ഹിറ്റുകളും മികച്ച സിനിമകളും ഈ വർഷം എത്തി പ്രേക്ഷകരെ ഞെട്ടിച്ചു. അക്കൂട്ടത്തിൽ ഒന്നാമതായിരുന്നു ലോക. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടിയാണ് നേടിയത്. ഇപ്പോഴിതാ സിനിമയെത്തേടി മറ്റൊരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. ഈ വർഷം ആഗോള കളക്ഷനിൽ തെലുങ്ക് സിനിമകളെ മുഴുവൻ മറികടന്നിരിക്കുകയാണ് ലോക. ഒരൊറ്റ തെലുങ്ക് സിനിമയ്ക്ക് പോലും ലോകയുടെ 300 കോടി കളക്ഷനെ മറികടക്കാനായില്ല എന്ന പ്രത്യേകതയുമുണ്ട്.
പവൻ കല്യാൺ ചിത്രം ഒജി ആണ് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തെലുങ്ക് ചിത്രം. 293.76 കോടിയാണ് ഒജിയുടെ ഫൈനൽ കളക്ഷൻ. മലയാളത്തിലെ ആദ്യ മുന്നൂറ് കോടി സ്വന്തമാക്കിയ ലോകയാകട്ടെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. അതേസമയം, ലോക രണ്ടാം ഭാഗവും വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച് കഴിഞ്ഞു. ആദ്യ ഭാഗം അവസാനിക്കുമ്പോൾ തന്നെ ഇതേ കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. അഞ്ച് ചിത്രങ്ങളാണ് ലോകയുടെ ഭാഗമായി വരാൻ പോകുന്നത്. ഇതിൽ രണ്ടാം ഭാഗത്തിൽ ചിത്രം ടൊവിനോ തോമസിന്റെ ചാത്തനാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാനും ആദ്യ ഭാഗത്തിലേത് പോലെ അതിഥി വേഷത്തിലുണ്ടാകും എന്നാണ് സൂചനകൾ.
ലോക ചാപറ്റർ 1 : ചന്ദ്രയിൽ കല്യാണിക്കൊപ്പം നസ്‌ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ, ശരത് സഭ എന്നിവരായിരുന്നു പ്രധാന വേഷത്തിലെത്തിയിരുന്നു. ടൊവിനോയ്ക്കും ദുൽഖർ സൽമാനും ഒപ്പം മമ്മൂട്ടിയും ചിത്രത്തിൽ അതിഥി വേഷത്തിൽ ഉണ്ടായിരുന്നു. മൂത്തോൻ എന്ന കഥാപാത്രമായി, ശബ്ദരൂപത്തിലാണ് മമ്മൂട്ടി എത്തിയത്. വരും ഭാഗങ്ങളിൽ ഈ കഥാപാത്രം കൂടുതൽ സമയം സിനിമകളിലുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.




