Tamil

വെറുതെ പോകുന്ന ‘തങ്കച്ചി’ മാത്രമല്ല; വൈറലായി മമിതയുടെ ജനനായകൻ ചിത്രങ്ങൾ

വിജയ് നായകനായി സ്‌ക്രീനിലെത്തുന്ന അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കാൻ മലയാളികൾക്ക് ഒരു കാരണം കൂടിയുണ്ട്. അത് മമിത ബൈജുവാണ്. ചിത്രത്തിൽ സുപ്രധാനമായ വേഷത്തിലാണ് മമിത എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ്‌യും മമിതയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകൻ എച്ച് വിനോദ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മമിതയുടെ കഥാപാത്രം എന്തായിരിക്കും ആരായിരിക്കും എന്നെല്ലാം അറിയാനുള്ള ആകാംക്ഷയായിരുന്നു പിന്നീട് പ്രേക്ഷകർക്ക്.

വിജയ്‌യുടെ കഥാപാത്രത്തിന്റെ സഹോദരിയായാണ് മമിത ചിത്രത്തിലെത്തുന്നത് എന്നാണ് ഏറ്റവും ശക്തമായ റിപ്പോർട്ടുകൾ. വിജയ് ചിത്രങ്ങളിൽ അനിയത്തിയോടുള്ള സ്‌നേഹം പ്രാധാന്യത്തോടെ കടന്നുവരുന്നതും പൂജ ഹെഗ്‌ഡെ ചിത്രത്തിൽ നായികാവേഷത്തിൽ ഉണ്ട് എന്നതുമായിരുന്നു മമിതയുടെ സഹോദരി വേഷത്തെ കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയത്. ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന അഭ്യൂഹങ്ങൾ കൂടി വന്നതോടെ മമിതയുടെ കഥാപാത്രം സഹോദരി തന്നെ എന്ന് പലരും ഉറപ്പിച്ചു. വിജയ്‌യുടെ മുൻ സിനിമകളിലേത് പോലെ സഹോദരന്റെ സ്‌നേഹത്തിനായി കാത്തിരിക്കുക മാത്രം ചെയ്യുന്ന തങ്കച്ചി ആകില്ല മമിത എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചില ലൊക്കേഷൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ആനന്ദവികടൻ എന്ന തമിഴ് സിനിമാ മാഗസിൻപുറത്തുവിട്ടിരിക്കുന്ന ലൊക്കേഷൻ സ്റ്റിൽസ് ആണ് സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. ബ്ലാക്ക് വിഡോയോട് സാമ്യമുള്ള ലുക്കിൽ കയ്യിൽ ഇഷ്ടികയും പിടിച്ച് നിൽക്കുന്ന മമിതയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഡാൻസും ആക്ടിങ്ങും മാത്രമല്ല കട്ട ആക്ഷനും മമിത ചിത്രത്തിൽ കാഴ്ചവെക്കുമെന്നാണ് ഇതോടെ ഉറപ്പായിരിക്കുകയാണ്. അതേസമയം, ജനനായകൻ ഓഡിയോ ലോഞ്ചിലെ മമിതയുടെ പ്രസംഗവും ഡാൻസുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാകുന്നുണ്ട്.

നേരത്തെ ദളപതി കച്ചേരി എന്ന പാട്ടിൽ മമിതയുടെ ഡാൻസ് ഏവരുടെയും മനം നിറച്ചിരുന്നു. സൂപ്പർ ശരണ്യ, പ്രേമലു എന്നീ മലയാള ചിത്രങ്ങൡലൂടെ തമിഴ്‌നാട്ടിൽ സുപരിചിതയായ മമിത ഡ്യൂഡിലൂടെ അവിടെ സെൻസേഷനായി മാറിയിട്ടുണ്ട്. ജനനായകൻ കൂടി വരുന്നതോടെ തമിഴ്‌നാട്ടിലെ മുൻനിര നായികമാരുടെ പട്ടികയിലേക്ക് മമിതയും എത്തിയേക്കാം. വിജയ്, പൂജ ഹെഗ്‌ഡെ എന്നിവരുടെ ജനനായകനിലെ കഥാപാത്രങ്ങളുടെയും ഇതുവരെ പുറത്തുവരാത്ത ചിത്രങ്ങൾ ആനന്ദവികടൻ പുറത്തുവിട്ടിട്ടുണ്ട്. എല്ലാ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അതിവേഗം വൈറലാവുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button