വിജയ്യെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രമാണ് ജനനായകൻ. സിനിമയുടെ ഓഡിയോ ലോഞ്ച് ഇന്നലെ മലേഷ്യയിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് ഈ ചടങ്ങിന് ലഭിച്ചത്. ലക്ഷക്കണക്കിന് വിജയ് ആരാധകർ ആണ് പരിപാടിയിൽ പങ്കെടുത്തത്. ഇപ്പോഴിതാ അനിരുദ്ധിനെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. ഒരു മ്യൂസിക്കൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോർ ആണ് അനിരുദ്ധ് എന്നും തന്നെ ഒരിക്കലും അനിരുദ്ധ് നിരാശപ്പെടുത്തിയിട്ടില്ലെന്നും വിജയ് പറഞ്ഞു.
‘അനിരുദ്ധിന് ഞാനൊരു പുതിയ പേര് നൽകുകയാണ്. എംഡിഎസ് – മ്യൂസിക്കൽ ഡിപ്പാർട്ട്മെന്റൽ സ്റ്റോർ. ആ സ്റ്റോർ തുറന്ന് ഉള്ളിൽ പോയാൽ എന്തുവേണമെങ്കിലും ഇഷ്ടമുള്ള രീതിയിൽ എടുത്തുകൊണ്ട് ഹാപ്പിയായി പുറത്തിറങ്ങാം. അത് പാട്ടുകൾ ആയാലും, ബിജിഎം ആയാലും എഫക്ടുകൾ ആയാലും അനിരുദ്ധിന്റെ പക്കൽ നിന്ന് ലഭിക്കും. എന്നെ ഒരിക്കലും അനിരുദ്ധ് നിരാശപ്പെടുത്തിയിട്ടില്ല. അത് എന്റെ സിനിമകൾക്കായാലും മറ്റുള്ളവരുടെ സിനിമകളിലെ പാട്ടുകളായാലും ശരി. പടി പടിയായി കയറി മുകളിലേക്ക് പോകുകയാണ് അനിരുദ്ധ്’, വിജയ്യുടെ വാക്കുകൾ.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ജനുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദി വേർഷനും പുറത്തുവരും. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതാത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് ഹിറ്റായി മാറാൻ കഴിയൂ.




