Malayalam

2025 ൽ പുറത്തിറങ്ങിയത് 183 സിനിമകൾ, ഹിറ്റുകൾ 15 എണ്ണം മാത്രം; 360 കോടിയുടെ നഷ്ടമെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

2025 ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ. 183 ചിത്രങ്ങള്‍ റിലീസ് ചെയ്ത വർഷത്തിൽ വെറും 15 സിനിമകൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ൽ മലയാള സിനിമയ്ക്ക് 360 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിജയിച്ച 15 സിനിമകളിൽ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് 2025 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവയാണ് ഹിറ്റായ സിനിമകൾ. താരമൂല്യത്തിന്റെ അകമ്പടികൾ ഇല്ലാതിരുന്നിട്ടും ചെറിയ ബജറ്റിലെത്തിയ നിരവധി സിനിമകൾ ഇത്തവണ മലയാളത്തിൽ നിന്നും മികച്ച കളക്ഷൻ നേടി.

ഇതിനൊപ്പം താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ പോയാൽ വൈകാതെ മലയാളത്തിൽ സിനിമാ നിർമ്മാണം കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം, സമരത്തിനൊരുങ്ങുകയാണ് കേരള ഫിലിം ചേംബർ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള KSFDC തിയേറ്ററുകൾ‌ക്ക് സിനിമ കൊടുക്കേണ്ടതില്ലെന്ന് ആണ് ഫിലിം ചേംബറിന്റെ തീരുമാനം. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരി​ഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്.

എന്നാൽ നിർമാതാക്കളുടെ കണക്കുകളെ വിമർശിച്ച് നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ രംഗത്തെത്തി. ടൊവിനോ തോമസിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രം ലാഭകരമല്ലെന്ന അസോസിയേഷന്‍റെ നിലപാടാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button