2025 ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്കുകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തിവിട്ടിരുന്നു. ഇതിന് പിന്നാലെ നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു. ഇപ്പോഴിതാ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി.സിനിമകളുടെ ലാഭ നഷ്ട കണക്കുകള്‍ പുറത്തുവിടുന്നതിനോട് യോജിക്കാനാകില്ലെന്നാണ് താരത്തിന്റെ പക്ഷം. സിനിമയിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ വരുന്നതിന് ഇതിന് തടസമാകുമെന്നും ഇത്തരം പ്രവണത മലയാള സിനിയെ ദോഷകരമായി ബാധിക്കുമെന്നും നിവിന്‍ പോളി പറഞ്ഞു. നല്ല സിനിമ ഉണ്ടാക്കാന്‍ എല്ലാവരും ഒരിമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും നടൻ കൂട്ടിച്ചേർത്തു.തനിക്കെതിരായ നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊളളുന്നതായും അതിന്റെ ഭാഗമായി ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു. അഖില്‍ സത്യന് സംവിധാനം ചെയ്ത പുതിയ സിനിമയായ സര്‍വം മായ എന്ന ചിത്രത്തിന്റെ പ്രൊമേഷന്റെ ഭാഗമായി ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരായ നിവിന്‍ പോളിയുടെ വിമര്‍ശനം.
83 ചിത്രങ്ങള്‍ റിലീസ് ചെയ്ത വർഷത്തിൽ വെറും 15 സിനിമകൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ൽ മലയാള സിനിമയ്ക്ക് 360 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് അസ്സോസിയേഷൻ പറയുന്നത്. വിജയിച്ച 15 സിനിമകളിൽ എട്ട് സൂപ്പര്‍ ഹിറ്റുകളും ഏഴ് ഹിറ്റുകളുമാണെന്ന് സംഘടന അറിയിക്കുന്നു. ലോക, തുടരും, എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി, രേഖാചിത്രം എന്നിവയാണ് 2025 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. കളങ്കാവൽ, എക്കോ, ദ പെറ്റ് ഡിറ്റക്ടീവ്, പ്രിൻസ് ആൻഡ് ഫാമിലി, പൊന്മാൻ, പടക്കളം, ബ്രൊമാൻസ് എന്നിവയാണ് ഹിറ്റായ സിനിമകൾ. താരമൂല്യത്തിന്റെ അകമ്പടികൾ ഇല്ലാതിരുന്നിട്ടും ചെറിയ ബജറ്റിലെത്തിയ നിരവധി സിനിമകൾ ഇത്തവണ മലയാളത്തിൽ നിന്നും മികച്ച കളക്ഷൻ നേടി.
ഇതിനൊപ്പം താരങ്ങളുടെ പ്രതിഫലം താങ്ങാവുന്നതിനപ്പുറമാണെന്നും സിനിമാ നിർമാണം കുറഞ്ഞു വരികയാണെന്നും നിർമാതാക്കള്‍ മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെ പോയാൽ വൈകാതെ മലയാളത്തിൽ സിനിമാ നിർമ്മാണം കുറയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ നിർമാതാക്കളുടെ കണക്കുകളെ വിമർശിച്ച് നരിവേട്ടയുടെ സംവിധായകൻ അനുരാജ് മനോഹർ രംഗത്തെത്തി. ടൊവിനോ തോമസിനെ നായകനാക്കി താന്‍ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രം ലാഭകരമല്ലെന്ന അസോസിയേഷന്റെ നിലപാടാണ് സംവിധായകനെ പ്രകോപിപ്പിച്ചത്. ഇന്ത്യൻ സിനിമ കമ്പനി പ്രൊഡ്യൂസ് ചെയ്ത് ഞാൻ സംവിധാനം ചെയ്ത നരിവേട്ട ലാഭകരമായ സിനിമയാണ്. അക്കൗണ്ട് വിവരങ്ങൾ പുറത്ത് വിടാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.




